കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു

Breaking

എടക്കര: കാട്ടാനയുടെ ആക്രമണത്തില്‍ മുണ്ടേരിയില്‍ ആദിവാസി കൊല്ലപ്പെട്ടു. തണ്ടന്‍കല്ല് കോളനിയിലെ ജയന്‍(46) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ തലപ്പാലി നാലാം ബ്ലോക്കിലെ കമുകിന്‍ തോട്ടത്തിലാണ് ജയന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ജയന്‍ ഫാം ഗേറ്റ് കടന്ന് പോകുന്നത് കണ്ടവരുണ്ട്. തുടര്‍ന്ന് ഫാമിന്റെ ക്വാര്‍രക്കേഴ്സിലെത്തിയ ശേഷം തനിച്ച് തണ്ടന്‍കല്ല് കോളനിയിലേക്ക് പോകുമ്പോള്‍ ആനയുടെ മുന്‍പിലകപ്പെട്ടുവെന്നാണ് കരുതുന്നത്. രാവിലെ ജയനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിനുള്ളില്‍ക്കൂടിയുളള കുറുക്കുവഴിയില്‍ ജയന്റെ മൃതദേഹം കണ്ടെത്തിയത്. കോളനിക്ക് ഇരൂനൂറ് മീറ്റര്‍ അടുത്തായാണ് ഇയാള്‍ ആനയുടെ ആക്രമണത്തിന് ഇരയായത്. ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. ആദിവാസികള്‍തന്നെയാണ് വനം, പോലിസ് വിഭാഗങ്ങളെ വിവരമറിയിച്ചത്. പോത്തുകല്‍ എസ്.ഐ കെ അബ്ബാസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലിസെത്തി ഫാമിന്റെ ട്രാക്ടറിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയുടെ ഫലം അറിഞ്ഞ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 2019-ലെ ്രപളയത്തില്‍ കോളനിയിലേക്കുള്ള റോഡ് പൂര്‍മണമായി നശിച്ചിരുന്നു. കോളനി വീടുകളും അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കോളനിക്കാര്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ ഒഴിഞ്ഞ് കിടക്കുന്ന ക്വാര്‍ട്ടേഴ്സുകളിലാണ് താമസം. മഴ മാറിനില്‍ക്കുമ്പോള്‍ ആദിവാസികളില്‍ ചിലര്‍ കോളനിയിലേക്ക് തന്നെ മടങ്ങുകയാണ് പതിവ്. മുന്‍പ് കേളാനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് വയസുകാരി മരണപ്പെട്ടിരുന്നു. മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കോളനിയില്‍ കാട്ടാന ആക്രമണം നിത്യസംഭവമാണ്. ശാന്തയാണ് ജയന്റെ ഭാര്യ. മക്കള്‍: സുരേഷ്, വിഷ്ണു, മിനി, ബാബു. മരുമകള്‍: ശാലിനി.

Leave a Reply

Your email address will not be published. Required fields are marked *