ഗര്‍ഭിണിയേയും കുഞ്ഞിനേയും കാമുകന്‍ കഴുത്ത്‌ഞെരിച്ച് കൊന്ന കേസിന്റെ വിചാരണമാറ്റി

Breaking News

മലപ്പുറം: ഗര്‍ഭിണിയായ കാമുകിയേയും കുഞ്ഞിനെയും കഴൂത്ത്‌ഞെരിച്ച് കൊന്നകേസിന്റെ വിചാരണ മാറ്റിവെച്ച് കോടതി. മലപ്പുറം കാടാമ്പുഴയിലാണ് പൂര്‍ണ ഗര്‍ഭിണിയേയും മകനേയും കാമുകാന്‍
കൊലപ്പെടുത്തിയത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട കേസിന്റെ വിചാരണയാണ് പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിവെച്ചത്. കാടാമ്പുഴ പുലിക്കണ്ടം വലിയപീടിയേക്കല്‍ മരക്കാരുടെ മകള്‍ ഉമ്മുസല്‍മ (26), ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മുസല്‍മയുടെ കാമുകനായ വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് (41) ആണ് പ്രതി. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മുസല്‍മ കാരക്കോട് മേല്‍മുറിയിലെ വീട്ടില്‍ കാവുംപുറം സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസല്‍മയെ കാമുകനായ പ്രതി നിരന്തരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. വീട്ടില്‍ കല്‍പണിക്ക് വന്നാണ് ഷരീഫ് ഉമ്മുസല്‍മയുമായി ബന്ധം സ്ഥാപിക്കുന്നത്. പ്രതിയില്‍ നിന്നും ഉമ്മുസല്‍മ ഗര്‍ഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയില്‍ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസല്‍മ താമസിക്കുന്ന വീട്ടിലെത്തിയ പ്രതി ഉമ്മുസല്‍മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മുസല്‍മ പ്രതിയുടെ അക്രമത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു.
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഒപ്പം താമസിച്ചിരുന്ന യുവാവും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് പറഞ്ഞിരുന്നത്. ശരീഫിനോട് ഗര്‍ഭിണിയായ തന്നോടൊപ്പം ആശുപത്രിയില്‍ നില്‍ക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടില്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ പറഞ്ഞിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്ന് ക്ഷുഭിതനായ ശരീഫ് ഉമ്മുസല്‍മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിച്ചു. തുടര്‍ന്ന് വാതില്‍ പൂട്ടി ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. ഉമ്മുസല്‍മയുടെ വീട്ടില്‍ പ്രതി നിത്യസന്ദര്‍ശകനാണെന്ന നാട്ടുകാരുടെ മൊഴിയാണ് കേസില്‍ തുമ്പായത്. ഉമ്മുസല്‍മയുടെയും മകന്റെയും മരണശേഷം ഇയാള്‍ ഇവിടേക്ക് വന്നിരുന്നില്ലെന്നും നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കല്‍പ്പകഞ്ചേരി എസ്‌ഐ കെ ആര്‍ രഞ്ജിത്ത്, കാടാമ്പുഴ സ്റ്റേഷനിലെ എഎസ്‌ഐമാരായ ഇഖ്ബാല്‍, സുരേഷ്, ശശി, സിപിഒമാരായ സി സുജിത്ത്, ജയകൃഷ്ണന്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ്, സുനില്‍ ദേവ്, ജംഷാദ്, കൈലാസ്, അബ്ദുള്‍ഗഫൂര്‍, ആര്യശ്രീ, വീണ വാരിയത്ത്, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പ്രതിയെ പിടികൂടിയത്. മെയ് 25ന് വീടിനകത്തു നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2017 ജുണ്‍ നാലിന് കരിപ്പോളില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കാനിരിക്കെ പ്രതി സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസില്‍ 74 സാക്ഷികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *