സൗദിയില്‍ ബ്രോസ്റ്റ് കടയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞ് വീണു മരിച്ചു

Breaking Politics Pravasi

റിയാദ്: സൗദിയില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളിയായ 55കാരന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കാക്കഞ്ചേരി പുല്‍പറമ്പ് സ്വദേശി കൊടക്കാട്ടകത്ത് അഹമ്മദ് കുട്ടി (55) യാണ് ജിസാനില്‍ സാംതയില്‍ കുഴഞ്ഞു വീണു മരിച്ചത്. ജോലി ചെയ്യുന്ന ബ്രോസ്റ്റ് കടയില്‍ കുഴഞ്ഞു വീണാണ് മരണം. ഇരുപത് വര്‍ഷമായി സഊദിയിലുള്ള അഹമ്മദ് കുട്ടി പതിനഞ്ച് വര്‍ഷത്തോളമായി സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെങ്കിലും തിരിച്ച് വന്ന് വീണ്ടും ജോലിയില്‍ ഏര്‍പ്പെട്ടതായിരുന്നു. കടയില്‍ എത്തിയ അഹമ്മദ് കുട്ടി രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മകനും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് സാംത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു വര്‍ഷമായി എത്തിയ പുത്രന്‍ മുഹമ്മദ് ജംഷാദിന് ഒപ്പമാണ് കട നടത്തി വന്നിരുന്നത്. നല്ല സുഹൃദ് വലയമുള്ള അഹമ്മദ് കുട്ടി സഊദിയിലെത്തിയ ഏക മകന്‍ മുഹമ്മദ് ജംഷാദിനെ കടയേല്‍പ്പിച്ച് പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ് മരണം തേടിയെത്തിയത്. സാംത ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

പരേതനായ കൊടക്കാട്ട കത്ത് കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മാതാവ്: പുല്ലാട്ടില്‍ കുഞ്ഞിപ്പാത്തു. ഭാര്യ: പുല്ലാട്ടില്‍ റംലത്ത്, മക്കള്‍: മുഹമ്മദ് ജംഷാദ് (സാംത്ത), രഹന, റജുല. മരുമകന്‍: സമദ് ഫറോക്ക് (വ്യാപാരി). സഹോദരങ്ങള്‍: ഇത്തൈമ (കോഴിപ്പുറം), ലത്തീഫ് (സിമന്റ് മര്‍ച്ചന്റ് പുല്‍പറമ്പ്, ജഅഫര്‍ (ജനറല്‍ മര്‍ച്ചന്റ്), റൂബി. ഭാര്യാ സഹോദരന്മാരായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അബ്ദു റഹ്മാന്‍ എന്ന ബാവ, സൈനുദ്ധീന്‍ എന്നിവര്‍ സാംത്തയിലുണ്ട്.

അനന്തര നടപടികള്‍ക്കായി സാംതയിലെ സാമൂഹ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മുനീര്‍ ഹുദവി ഉള്ളണം, റസാഖ് വെളിമുക്ക്, ഷൗക്കത് ആനവാതില്‍, കുഞ്ഞാപ്പ വേങ്ങര, അബ്സല്‍ ഉള്ളൂര്‍, അബ്ദുള്ള ചിറയില്‍, ഡോക്ടര്‍ ജോണ്‍ ചെറിയാന്‍, മുജീബ് പാലക്കാട്, നിസാര്‍ എന്നിവര്‍ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *