അലിഗഡ്: ഹാത്രസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പോലിസിന്റെ വാദം തള്ളി ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. ഫായിസ് അഹ്മദിന്റെ മെഡിക്കോ-ലീഗല്‍ എക്സാമിനേഷന് റിപ്പോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്.
ബലം പ്രയോഗിച്ച് യോനിയിലേക്ക് ലിംഗം കയറ്റിയതിന്റെയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുമായി നിര്‍ദേശിക്കുകയുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമേ ലൈംഗികപീഡനം നടന്നോ എന്ന് ഉറപ്പിക്കാനാകൂ.’ പരിശോധന നടത്തിയ ഡോ.ഫൈസ് അഹ്മദ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം നടന്ന് എട്ട് ദിവസങ്ങള്ക്ക ശേഷം സെപ്തംബര്‍ 22നായിരുന്നു ഫോറന്‍സിക് പരിശോധന നടത്തിയത്.
കുട്ടിക്ക് നേരെ പീഡനം നടന്നതിന്റെ തെളിവുകളില്ലെന്ന് യു.പി പൊലിസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. പരിശോധനില്‍ ബലാത്സംഗത്തിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നും ബീജം കണ്ടെത്താനായില്ലെന്നായിരുന്നു പൊലിസിന്റെ വാദം.
സംഭവത്തെ ജാതീയ പ്രശ്നമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലിസ് ആരോപിച്ചിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലിസിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നും വിമര്‍ശനമുയരുകയാണ്.
സെപ്തംബര്‍ 14നാണ് നാല് സവര്‍ണര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ ഇടുപ്പെല്ല് തകര്‍ക്കുകയും നാവ് മുറിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം അവള് മരണത്തിന് കീഴടങ്ങി. സെപ്തംബര്‍ 30 പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലിസ് ഹാത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചത്.
സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.