ക്ഷയ രോഗിയായ പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ പീഡനം ; ജീവനക്കാരന്‍ അറസ്റ്റില്‍

Crime

ഡല്‍ഹി: 21 വയസ്സുകാരിയായ ക്ഷയ രോഗിയായ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഗുരുഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഐ.സി.യുവില്‍ പ്രവേശിച്ചപ്പോഴായിരുന്നു പ്രതി കൃത്യം നടത്തിയത്. പെണ്‍കുട്ടിക്ക് ബോധം വന്ന ശേഷം അച്ഛനു നടന്ന സംഭവം ഒരു പേപ്പറില്‍ എഴുതി നല്‍കി. അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒക്ടോബര്‍ 21നും 27നും ഇടക്കാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ഒക്ടോബര്‍ 21നാണ് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ ഐ.സി.യുവിലെ പ്രൈവറ്റ് റൂമിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അച്ഛന്‍ മകളെ കാണാന്‍ ഐ.സി.യുവിലേക്ക് ചെന്നപ്പോഴാണ് മകള്‍ വിവരങ്ങള്‍ എഴുതിയ പേപ്പര്‍ അച്ഛനു കൈമാറിയത്. കൂടാതെ ‘വികാസ് ‘ എന്ന പേരും പറഞ്ഞു.

ഉടനെത്തന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വാര്‍ഡില്‍ ജോലി ചെയ്തവരെയും ചോദ്യം ചെയ്തു. പ്രതി ആശുപത്രിയുടെ ജീവനക്കാരന്‍ അല്ലെന്നും പുറം കരാര്‍ കൊടുത്ത കമ്പനിയുടെ ജീവനക്കാരനാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ആരോഗ്യ നില കണക്കിലെടുത്ത് മൊഴിയെടുക്കുന്നത് മാറ്റി വെച്ചു. സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയെന്നും സ്ത്രീക്ക് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ കെ.കെ റാഒ പറഞ്ഞു. അന്വേഷണത്തിനു വേണ്ടിയുള്ള എല്ലാ സഹായവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *