കൊച്ചിയിലെ ലഹരി പാര്‍ട്ടി; റിസോര്‍ട്ട് ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ രണ്ടുവര്‍ഷമായിട്ടും കേസെടുക്കാതെ അന്വേഷണം അട്ടിമറിച്ചു

Crime

കൊച്ചി: ആലുവ എടത്തലയിലെ ഡി.ജെ പാര്‍ട്ടിയുടെ മറവിലെ ലഹരിപാര്‍ട്ടിയില്‍ റെയ്ഡ് നടത്തി മദ്യമടക്കം പിടികൂടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റിസോര്‍ട്ട് ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കാതെ എക്‌സൈസ് അന്വേഷണം അട്ടിമറിച്ചു. വാഗമണ്ണില്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയിലെ റെയ്ഡും അറസ്റ്റുകളും നടന്നപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് സ്വന്തം റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്ന സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ പുഷ്പംപോലെ രക്ഷപ്പെട്ടത്. വാഗമണ്ണില്‍ ലഹരിപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് ഉടമ ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടനെ സി.പി.ഐ പുറത്താക്കിയപ്പോള്‍ നിലമ്പൂരില്‍ നിന്നുള്ള സി.പി.എം സ്വതന്ത്ര എം.എല്‍.എയായ അന്‍വറിനെതിരെ ഒരു നടപടിയും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തിയാല്‍ കെട്ടിട ഉടമക്കെതിരെ അബ്ക്കാരി നിയമപ്രകാരം കേസെടുക്കണം. എന്നാല്‍ എടത്തലയിലെ ലഹരിപാര്‍ട്ടിയില്‍ പി.വി അന്‍വറിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ മൂന്നു നിലകള്‍ ഒഴികെയുള്ളവ പൊളിച്ചുനീക്കണമെന്നു നാവികസേന നോട്ടീസ് നല്‍കിയ കെട്ടിടത്തിലാണ് ലഹരിപാര്‍ട്ടി നടത്തിയിരുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് നടന്ന റെയ്ഡില്‍ ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം സ്വദേശികളായ അടിമുറി റോബിന്‍ ഗില്‍ബര്‍ട്ട്, അടിമുറി റോണി സിജോ, ഇടപ്പള്ളി ആലപ്പാട് ആല്‍ബര്‍ട്ട് സന്തോഷ്, കാലടി പുന്നക്കാട്ടില്‍ ശ്രീനാഥ്, തായിക്കാട്ടുകരബാല്യപ്പാടത്ത് ഡെന്നീസ് റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് സംഘം പരിശോധനക്കായി എത്തിയപ്പോള്‍ ഗോഡ്സ് ഓണ്‍ ബൈക്കേഴ്സ് മീറ്റ് എന്ന പേരില്‍ 40 സ്ത്രീകളടക്കം 150 പേര്‍പങ്കെടുക്കുന്ന ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേര് പ്രിന്റ് ചെയ്ത കറുത്ത ടീ ഷര്‍ട്ടായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. 20 ലിറ്റര്‍ ഇന്ത്യന്‍ വിദേശ മദ്യവും 10 ലിറ്റര്‍ ബിയറും ഇവിടെനിന്നും കണ്ടെടുത്തു. 10 ലിറ്റര്‍ മദ്യത്തിന്റെ ബാക്കി 50 കാലിക്കുപ്പികള്‍, ലഹരിവസ്തുക്കള്‍ ചുരുട്ടിവലിക്കുന്ന പ്രത്യേക കടലാസുകള്‍ എന്നിവയും ലഭിച്ചു. 1500 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയായിരുന്നു ഡി.ജെ പാര്‍ട്ടി. പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ ഉള്ളില്‍ ഡാന്‍സ് ബാറുകളെ കടത്തിവെട്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലൈറ്റിങ് സംവിധാനവും പെഗ് ഒഴിക്കുന്ന ഉപകരണങ്ങളുമടക്കം നക്ഷത്ര ബാറിന്റെ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. ബാറുകളില്‍ പെഗിന് 200 രൂപ വിലവരുന്ന മദ്യം 80 രൂപക്കാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയത്. രജിസ്ട്രേഷന്‍ ഫീസായി ഈടാക്കിയ 1500 രൂപയില്‍ നിന്നാണ് മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വില ഈടാക്കുന്നത്. സംഗീതത്തിനനുസരിച്ച് ഡാന്‍സ് മുറുകുമ്പോള്‍ ക്ഷീണംവരാതിരിക്കാന്‍ ലഹരിമരുന്നു ഉപയോഗിച്ചിരുന്നുവെന്നാണ് എക്സൈസിനു ലഭിച്ച വിവരം. അതീവരഹസ്യമായാണ് ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷപൂരിപ്പിച്ചു നല്‍കണം. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പിച്ചിട്ടേ ബാങ്ക് അക്കൗണ്ടില്‍ പണം അടപ്പിക്കൂ. പാര്‍ട്ടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പുമാത്രമാണ് ഒത്തുകൂടേണ്ട സ്ഥലം അറിയിക്കുക. പി.വി അന്‍വര്‍ എം.എല്‍.എയുടെ കെട്ടിടത്തില്‍ മുമ്പും ലഹരിപാര്‍ട്ടികള്‍ നടത്തിയിരുന്നതായും എക്സൈസ് സംഘത്തിന് വിവരംലഭിച്ചിരുന്നു. നേരത്തെ ജോയ് മാത്യു എന്നയാളുടെ സ്വകാര്യ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം 2006ലാണ് പി.വി അന്‍വര്‍ എം.എല്‍.എ സ്വന്തമാക്കിയത്. കെട്ടിടം നിലവില്‍ ജോയ് മാത്യുവിന്റെയോ കുടുംബത്തിന്റെയോ പേരിലല്ല. 99 വര്‍ഷത്തേക്ക് പി.വി അന്‍വര്‍ എം.എല്‍.എ എം.ഡിയായ പീവീസ് റില്‍റ്റേഴ്സ് എന്ന കമ്പനിക്ക് ലീസിന് നല്‍കിയതാണെന്നും അബ്ക്കാരി നിയമപ്രകാരം മദ്യവില്‍പ്പന നടത്തിയതിന് അന്‍വറിനെതിരെ കേസെടുക്കണെന്നും കാണിച്ച് ജോയ് മാത്യുവിന്റെ മകള്‍ പ്രിയ പെട്രോസ് എക്സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന് നികുതിയടക്കുന്നതും ഇപ്പോള്‍ അന്‍വറാണ്. എം.എല്‍.എയുടെ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തടക്കമുള്ള സംഘത്തിലെ അംഗങ്ങളെ ഉടന്‍ സ്ഥലംമാറ്റുകയായിരുന്നു. പി.വി അന്‍വറിനെ ചോദ്യം ചെയ്യാന്‍പോലും എക്‌സൈസ് തയ്യാറായില്ല. തുടര്‍ന്ന് അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടു. ആലുവ എക്‌സൈസ് സി.ഐ രജിസ്റ്റര്‍ ചെയ്ത സി.ആര്‍ 18/2018 കേസിന്റെ തുടരന്വേഷണം ഇപ്പോള്‍ എറണാകുളം ജില്ലാ എക്‌സൈസ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *