ഓപ്പറേഷന്‍ പി ഹണ്ട്: പിടിയിലായവരില്‍ ഡോക്ടറും ഐടി ജീവനക്കാരനും; ഇതുവരെ അറസ്റ്റിലായത് 41 പേര്‍

Crime

തിരുവനന്തപുരം: ഇന്റര്‍ പോളുമായി ചേര്‍ന്ന് കേരള പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി
ഡോക്ടറും ഐടി ജീവനക്കാരനുമുള്‍പ്പെടെയുള്ളവര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇതുവരെ 41 പേരാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 464 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഇതില്‍ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഓപ്പറേഷന്‍ പി ഹണ്ട് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ മാത്രമല്ല, അത് കാണുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. അത്തരക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ റെയ്ഡുകളില്‍ ആകെ 525 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇത്രയും കാലയളവിനുള്ളില്‍ 428 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരും പ്രൊഫഷണലുകളുമാണെന്ന് പൊലീസ് പറയുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡുകള്‍ നടക്കുന്നത്.

പത്തനംതിട്ടയില്‍നിന്നാണ് ഡോക്ടര്‍ അറസ്റ്റിലായത്. തൃശൂരിലും വ്യാപകമായ അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. പഴയന്നൂരില്‍ സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റിലായി. ചേലക്കര മേപ്പാടം സ്വദേശിയായ പാറക്കല്‍ പീടികയില്‍ ആഷിക്(30) എന്നയാളെ പഴയന്നൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കൊപ്പം വടക്കേക്കാട് സ്വദേശി ഇഖ്ബാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *