ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി ബിജെപി പ്രവര്‍ത്തകര്‍; ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നും അമിത് ഷായെ വിളിക്കുമെന്നും, ഭീഷണി ഫലിക്കാതിരുന്നതോടെ ഇവര്‍ ഓടി രക്ഷപ്പെടാനും ശ്രമം

Crime News

ചെന്നൈ: ചെന്നൈയില്‍ ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നും അമിത് ഷായെ വിളിക്കുമെന്നുമാണ് മൂന്നു പേരടങ്ങിയ സംഘം ഭീഷണി മുഴക്കിയത്. ബിജെപി പ്രാദേശിക നേതാക്കള്‍ കൂടിയാണ് ഇവര്‍. മൂന്നു പേരില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.

ചെന്നൈ റായ്‌പേട്ടയിലെ സായിദ് അബൂബക്കര്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കട അടയ്ക്കുന്നതിനു തൊട്ടുമുന്‍പ് എത്തിയ യുവാക്കള്‍ ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിനു ശേഷം പണം നല്‍കാതെ സ്ഥലം വിടാനൊരുങ്ങിയതോടെ ഹോട്ടല്‍ ഉടമ യുവാക്കളെ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും കട പൂട്ടിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഒരു കോള്‍ ചെയ്താല്‍ ആയിരം പേര്‍ എത്തുമെന്നും വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തിയതോടെ യുവാക്കള്‍ ഇവര്‍ക്കു നേരെയും കയര്‍ത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാന്‍ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍, ഭീഷണി ഫലിക്കാതിരുന്നതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരില്‍ ഭാസ്‌കര്‍, പുരുഷോത്തമന്‍ എന്നീ രണ്ടു പേര്‍ പൊലീസ് പിടിയിലായി. മൂന്നാമനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *