കൊച്ചി: ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വടക്കഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാകിന്റെ ഉടമയാണ് സന്തോഷ് ഈപ്പന്. ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ്.
ലൈഫ് മിഷന് കരാര്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന് മറ്റു പ്രതികള്‍ക്ക് വന്‍ തുക കമ്മീഷന് നല്‍കിയിരുന്നു. ഈ തുക സന്തോഷ് ഈപ്പന് ഡോളര്‍ ആക്കി മാറ്റിയാണ് കൈമാറിയതെന്നാണ് കസ്റ്റംസ് കണ്ടെല്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന് ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നത്. കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷന് ഇടപാടുകളും ഡോളര്‍ കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തില്‍ കസ്റ്റംസ്. സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടര്‍ന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില പ്രമുഖര്‍ക്ക് കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വര്‍ണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് കസ്റ്റംസിന്റെ നിഗമം. ഇതാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ഉന്നത പദവിയിലിരിക്കുന്ന നേതാവ് പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരുപയോഗം ചെയ്തെന്നും കസ്റ്റസ് കരുതുന്നു.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ മറ്റു ചില പദ്ധതികളിലും വന്‍തോതില്‍ കമ്മിഷന് തുക ചിലര്‍ക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികള്‍, വിദേശികള്‍ സന്ദര്‍ശിച്ച ചില പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്മാന് ജയഘോഷ്, ഡ്രൈവര്‍ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന.