‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’ എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ്.
സഖാവ് സിയാദ് വധക്കേസില്‍ കോടിയേരി പ്രതികരിക്കുന്നു.

Crime Politics

തിരുവനന്തപുരം: സഖാവ് സിയാദ് വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്ത്വത്തിനുള്ള പങ്ക് വ്യക്തമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല നടത്തിയ പ്രതിയെ തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലറാണ്. സഖാവ് സിയാദ് വധക്കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തത് ഇതിനുള്ള തെളിവാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല. ‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’ എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണെന്നും കൊടിയേരി ചോദിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ വകവരുത്താന്‍ ചില്ലറ ഹൃദയശൂന്യതയൊന്നും പോരാ. മത്സ്യവ്യാപാരം നടത്തുന്ന സിയാദ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്. ആഹാരം കൊടുത്ത് തിരികെവരുന്ന ബാപ്പയെ കാത്തിരുന്ന സിയാദിന്റെ മക്കള്‍ അഞ്ചുവയസായ ഐഷയും ഒരു വയസായ ഹൈറയും ആരുടെയും മനസ് തകര്‍ക്കുന്ന ദുഖമായി മാറുന്നു.

ഒരുഭാഗത്ത് അഹിംസാ പ്രഭാഷണങ്ങള്‍ നടത്തുകയും മറുഭാഗത്ത് കൊലക്കത്തി മിനുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് സംസ്‌കാരം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കൊലപാതക രാഷ്ട്രീയം കേരളത്തിന് വേണ്ട. കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ മാഫിയ സംഘങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ശൈലി അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കുത്ത് കരളില്‍ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തു വീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *