ഉമ്മയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് തരംഗമായി ഈ രണ്ടാം ക്ലാസുകാരി

Education News

മലപ്പുറം: ഉമ്മയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് തരംഗമാവുകയാണ് ഫാതിമ ഹസ്ബിയെന്ന രണ്ടാം ക്ലാസുകാരി. എല്‍.കെ.ജിക്ക് മുമ്പ് ആരംഭിക്കുന്ന പാഠ്യ പദ്ധതിയായ തിബിയാനിലെ അധ്യാപകിയായ ഉമ്മക്ക് പകരം പലപ്പോഴും ഈ കൊച്ചുമിടുക്കി ഓണ്‍ലൈനിലെത്തുന്നത് കുട്ടികള്‍ക്ക് ആവേശമാണ്. ലോക്ക്ഡൗണില്‍ അധ്യാപനം ഓണ്‍ലൈനിലായതോടെ ഉമ്മയുടെ ക്ലാസുകള്‍ കേട്ടാണ് ഈ മിടുക്കിയെ വീഡിയോ ചെയ്യുന്നതിലേക്ക് പ്രേരിപ്പിച്ചത്.

മലപ്പുറം മഅദിന്‍ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനും അരീക്കോട് പുത്തലം തൊടുകര സ്വദേശിയുമായ തുമ്പയില്‍ ഉസ്മാന്‍ സഖാഫിയുടെയും റഹ്മാബിയുടെ മകളാണ് ഹസ്ബി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ താരമായ ശ്വേത ടീച്ചറുടെ ശൈലി അനുകരിച്ചാണ് കുഞ്ഞുഅധ്യാപിക ക്ലാസെടുക്കുന്നത്. ഹസ്ബിയെ ഒരു ദിവസം ക്ലാസിന് കണ്ടില്ലെങ്കില്‍ കുഞ്ഞുമിസ്സെവിടെ, പൊന്നുമിസ്സെവിടെയന്ന് കുട്ടികള്‍ അന്വേഷിക്കും. കുഞ്ഞു മിസിനെയും കാത്ത് കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിച്ചും യൂണിഫോമിട്ടും വരെ കാത്തിരിക്കാറുണ്ട്രേത. ഹസ്ബിയുടെ ക്ലാസില്‍ ആകൃഷ്ടരായി പഠിതാക്കളായ കുട്ടികളില്‍ ഏറെ സ്വാധീനം ചൊലുത്തിയിട്ടുണ്ടെന്നും അവരും ആ ശൈലിയില്‍ ക്ലാസുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞതായി ഉമ്മ റഹ്മാബി പറഞ്ഞു.

ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ മകള്‍ ഇതുവരെ 63 വീഡിയോ ക്ലാസുകള്‍ ചെയ്തിട്ടുണ്ട്. ഈയൊരു ഊര്‍ജ്ജം വരും കാലഘട്ടത്തില്‍ ശോഭിക്കാന്‍ അവളെ പ്രാപ്തമാക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. കുഴിമണ്ണ ഇസ്സത്ത് സ്‌കൂളില്‍ പഠിക്കുന്ന ഈ കൊച്ചു പ്രതിഭ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മിടുക്കിയാണ്. നല്ലൊരു ചിത്രകാരിയും പാട്ടുകാരിയുമാണ്. സഹോദരി ഫാതിമ മിസ്രിയയും കലാകാരിയാണ്. അരീക്കോട് ഓറിയന്റല്‍ സ്‌കൂളില്‍ നിന്നും ഇത്തവണ യുഎസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *