നിര്‍ഭയയുടെ ഓര്‍മയില്‍ സംഗീത ആല്‍ബം; ആദ്യ ആല്‍ബത്തിലൂടെ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ഏറ്റെടുത്ത് ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സ്

Entertainment

ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയയോടുള്ള ആദരസൂചകമായി എത്തിയ സംഗീത ആല്‍ബം നിര്‍ഭയയ്ക്ക് മികച്ച പ്രതികരണം. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മൂന്നാമത്തെ പ്രോജക്ട് എന്ന നിലയില്‍ ‘നിര്‍ഭയ’ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയാണ് നിര്‍ഭയയെ വേറിട്ടു നിര്‍ത്തുന്നത്. നമ്മുടെ രാജ്യത്തെ തന്നെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തെ ഒരു സന്ദേശത്തോടൊപ്പമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സിധിന്‍ ആണ് ആല്‍ബം ഒരുക്കിയത്. വര്‍ഷങ്ങളായി സിനിമ രംഗത്തും സജീവമായ സിധിന്‍, ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ കൂടിയാണ്.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ആദ്യ സംഗീത ആല്‍ബമാണ് നിര്‍ഭയ. ജഗതി ശ്രീകുമാറിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ എം.ഡിയുമായ രാജ് കുമാറും നിര്‍ഭയയില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ആല്‍ബത്തിലൂടെ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്യാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് രാജ് കുമാര്‍.

പ്രഗത്ഭരായ അണിയറ പ്രവര്‍ത്തകരാണ് നിര്‍ഭയയെ വേറിട്ടു നിര്‍ത്തുന്നത്. പതിനേഴോളം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ട്‌സില്‍ ഇടം നേടുകയും 8 തവണ ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകര്‍ പ്രസാദാണ് നിര്‍ഭയയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മുന്‍നിര ഛായാഗ്രഹകരില്‍ ഒരാളായ ബിനേന്ദ്ര മേനോനാണ് കാമറ. ഗിരീഷ് നക്കോടിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സായ് പ്രൊഡക്ഷന്‍സാണ് നിര്‍ഭയ നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *