മലപ്പുറം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഫഹദ് ഫാസില്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ശ്യാം പുഷ്ക്കരന്‍ തിരക്കഥയെഴുതുന്ന ‘ജോജി’ എന്ന ചിത്രമാണ് കോട്ടയം എരുമേലിയില്‍ ചിത്രീകരിക്കുന്നത്. ‘സീ യു സൂണ്‍’, ‘ഇരുള്’ എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി കോവിഡ് സമയത്ത് ചിത്രീകരിച്ച് പുറത്തിറങ്ങിയ ചിത്രങ്ങള്‍. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷും ശ്യാം പുഷ്ക്കരനും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ജോജിക്കുണ്ട്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജസ്റ്റിന് വര്‍ഗീസിന്റെതാണ് സംഗീതം. എഡിറ്റിംഗ്-കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്. വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ. മേക്കപ്പ്-റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്-ബെന്നി കട്ടപ്പന. 2021ല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.
