താരനിബിഡമായ പുതിയ സിനിമയുമായി ‘അമ്മ’ വരുന്നു

Entertainment

കൊച്ചി: ട്വന്റി 20ക്ക് ശേഷം താരനിബിഡമായ പുതിയ മലയാള സിനിമയുമായി ‘അമ്മ’ വരുന്നു. അമ്മ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ഈ നീക്കവുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്ത് വരുന്നത്.
അമ്മ നിര്‍മ്മിച്ച ആദ്യ മള്‍ട്ടിസ്റ്റാര്‍ സിനിമ ട്വന്റി 20 ഇറങ്ങി 12 വര്‍ഷത്തിനുശേഷമാണ് രണ്ടാമത്തെ സിനിമയുടെ ആലോചനയ്ക്ക് സംഘടന തുടക്കമിട്ടിട്ടുള്ളത്. താരനിബിഡമായ ചിത്രമായിരിക്കും അടുത്തതും. സ്റ്റേജ് ഷോകള്‍ വഴി സംഘടനയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കോവിഡ് ഭീഷണി തടസമായതിനാല്‍ സിനിമ എന്ന ആശയത്തിലേക്ക് തിരിയുകയായിരുന്നു അമ്മ.
അമ്മയിലെ അംഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക മൂന്നില്‍ നിന്ന് അഞ്ചുലക്ഷമായും അപകട ഇന്‍ഷുറന്‍സ് 10 ല്‍ നിന്ന് 12 ലക്ഷം രൂപയായും ഉയര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടുതല്‍ ധനസമാഹരണം നടത്തേണ്ടതുണ്ട്. സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് രണ്ടാം സിനിമയ്ക്കുള്ള കഥ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് പറഞ്ഞത്.കഥ ഇഷ്ടപ്പെട്ട ലാല്‍ ഇക്കാര്യം അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *