ഗിഫ്റ്റ് ഫോര്‍ ലൈഫ് ടൈം; ക്രിസ്തുമസിനു വര്‍ണക്കാഴ്ചയുമായി ശ്രുതിയും മകളും

Writers Blog

കൊച്ചി: ക്രിസ്തുമസിനു വ്യത്യസ്ത ഫോട്ടോഷൂട്ടൂമായി മോഡലും അഭിനേത്രിയുമായ ശ്രുതി വിപിന്‍. തന്റെ മൂന്നര വയസ്സുള്ള മകള്‍ ശ്രിയയുടെ കൂടെയുള്ള ക്രിസ്തുമസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയില്‍ ‘ദി ആത്മെയ ബൊട്ടീക്ക്’ നടത്തുന്ന സുഹൃത്ത് മജിഷയ സമ്മാനമായി നല്‍കിയ വസ്ത്രങ്ങളാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്. ഫോട്ടോഗ്രാഫര്‍ ദിയ ജോണാണ് വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള കുട്ടിയാണ് ശ്രിയ. എന്നാല്‍ മറ്റുരക്ഷിതാക്കള്‍ ഇത്തരം കുട്ടികളെ വീടിനുള്ളില്‍തന്നെ അടച്ചിടുമ്പോള്‍ മകളെ കൂടുതല്‍ സ്വാതന്ത്ര്യയാക്കിയും പ്രോത്സാഹനം നല്‍കിയുമാണ് ശ്രുതി വേറിട്ടുനില്‍ക്കുന്നത്. മകളെ കുറിച്ച് ആലോചിച്ച് ആകുലപ്പെടുകയല്ല മറിച്ചു അവളെ സ്വയം പര്യാപ്തതയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രുതി പറഞ്ഞു.

തന്റെ മകളെക്കുറിച്ചും സിനിമാ മോഡലിംഗ് ജീവിതത്തെക്കുറിച്ചും ‘മറുപുറം കേരള’യോട് ശ്രുതി മനസ്സ് തുറന്നു. ഞാന്‍ ചെന്നൈയില്‍ സ്റ്റോര്‍ മാനേജറായിരുന്നു. ശ്രിയ ജനിച്ച ശേഷം ജോലി ഉപേക്ഷിച്ചു അവളുടെ തെറാപ്പിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ദിവസം മോളെ തെറാപ്പിക്കു വേണ്ടി കൊണ്ടു പോവുമ്പോഴാണ് റേഡിയോയില്‍ ഗൃഹലക്ഷ്മിയുടെ പരസ്യം കേട്ട് അവര്‍ക്ക് ഫോട്ടോസ് അയച്ചു കൊടുത്തത്. അങ്ങനെ മോള്‍ക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോള്‍ ഗൃഹലക്ഷ്മി മിസ്സിസ് കേരള റണ്ണറപ്പ് ആയി. അതിനു ശേഷമാണ് മോഡലിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതു വരെ എന്റെ ജീവിതം മോളുടെ തെറാപ്പിക്കുള്ള ഓട്ടം മാത്രമായിരുന്നു. പിന്നീട് സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടെ പ്രാധാന്യം നല്‍കിത്തുടങ്ങി. അങ്ങനെയാണ് മോഡലിംഗ് ചെയ്തു തുടങ്ങിയത്. പിന്നീട് അതൊരു വരുമാന മാര്‍ഗം കൂടിയായി. പിന്നീടാണ് ഇങ്ങനെയായാല്‍ പോരാ. ഞാന്‍ സന്തോഷമായി ജീവിച്ചാല്‍ മാത്രമേ എനിക്ക് മോളുടെ കാര്യങ്ങളും സന്തോഷത്തോടെ ചെയ്യാന്‍ കഴിയൂ എന്ന് മനസ്സിലായത്.

അങ്ങനെ അപ്രതീക്ഷിതമായി സിനിമയിലുമെത്തി. ഈ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു മോളുടെ കാര്യത്തിലും ഒരു പോലെ ശ്രദ്ധ കൊടുക്കാന്‍ സാധിക്കുന്നുണ്ട്. ശ്രിയയുടെ ചികിത്സയെല്ലാം കൊച്ചിയിലായതു കൊണ്ടു തന്നെ ഇപ്പോള്‍ ഞാന്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള ഷൂട്ട് മാത്രമേ ചെയ്യാറുള്ളൂ.
ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ വളര്‍ച്ച പതിയെയാവും.ബാക്കി കുട്ടികള്‍ക്ക് ഒരു വയസ്സില്‍ ഉണ്ടാവുന്ന വളര്‍ച്ച ഇവര്‍ക്ക് വൈകാനുള്ള സാധ്യതയുണ്ട്. പക്ഷേ രക്ഷിതാക്കള്‍ ശരിയായ ശ്രദ്ധ കൊടുക്കുകയാണെങ്കില്‍ സമയമെടുത്താണെങ്കിലും ചില കുട്ടികളുടെ വളര്‍ച്ച സാധാരണ ഗതിയിലാവാറുണ്ട്. ശ്രിയക്ക് മൂന്നു മാസത്തില്‍ തന്നെ ഫിസിയോതെറാപ്പി ആരംഭിച്ചിരുന്നു. അതു കൊണ്ടു തന്നെ ഒരു വയസ്സ് കഴിഞ്ഞപ്പോഴേക്കും അവള്‍ നടക്കാന്‍ ആരംഭിച്ചു. സംസാരശേഷി കൈവരിക്കാന്‍ വൈകും. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാലും ഇപ്പോളവള്‍ക്ക് ഒന്നര വയസ്സായ കുട്ടി സംസാരിക്കുന്ന പോലെ സംസാരിക്കാന്‍ സാധിക്കാറുണ്ട്. മൂന്നാം വയസ്സില്‍ ‘ഓറല്‍ പ്ലെയ്‌സ്‌മെന്റ് തെറാപ്പി’ ചെയ്ത ശേഷമാണ് അവള്‍ കുറച്ചെങ്കിലും സംസാരിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ നമ്മളൊരു വാക്ക് പറഞ്ഞു കൊടുത്താല്‍ അതു പോലെ പറയാന്‍ അവള്‍ക്ക് സാധിക്കുന്നുണ്ട്.

രണ്ടാം വയസ്സില്‍ തന്നെ അവളെ പ്ലേ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ഈ വര്‍ഷം നഴ്‌സറിയില്‍ പോവേണ്ടതായിരുന്നു. പക്ഷേ കോവിഡ് കാരണം സ്‌കൂളില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു ഇപ്പോള്‍ ഞാന്‍ തന്നെ വീട്ടില്‍ നിന്നും പഠിപ്പിക്കുകയാണ്. സ്‌കൂളില്‍ ചേര്‍ക്കുന്നത് പഠനത്തിലേറെ സാമൂഹിക ഇടപെടല്‍ ഉണ്ടാവാന്‍ വേണ്ടിയാണ്. സ്വന്തമായി ജീവിക്കാന്‍ വേണ്ട കുറച്ച് കാര്യങ്ങള്‍ പഠിക്കണം എന്ന് മാത്രമാണ് ശ്രിയക്ക് വിദ്യഭ്യാസം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ബാക്കിയെല്ലാം എങ്ങനെയാവും എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഐ.ക്യൂ കൂടിയ വളരേ നന്നായി പഠിക്കാന്‍ കഴിയുന്ന കുട്ടികളുമുണ്ട്.

ഞാന്‍ എല്ലാ കാര്യങ്ങളും പോസിറ്റീവായാണ് കാണാറുള്ളത്. ശ്രിയ എന്റെ ജീവിതത്തിലേക്കു വന്നതും അങ്ങനെ തന്നെയാണ് കാണുന്നത്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടി ‘സ്‌പെഷ്യല്‍ കിഡ്’ ആണെന്നറിയുമ്പോള്‍ തളര്‍ന്നു പോവാറുണ്ട്. ഞാനും ആ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷേ എനിക്കത് പെട്ടെന്നു തന്നെ മറികടക്കാന്‍ സാധിച്ചു.ഇത്തരം കുട്ടികളുടെ വിദ്യഭ്യാസത്തിനു ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. അധ്യാപകരെല്ലാം നന്നായി സഹകരിക്കുന്നുണ്ട്. എനിക്ക് മോശം അനുഭവം ഉണ്ടായതായി തോന്നിയിട്ടുള്ളത് ഡോക്ടര്‍മാരുടെ അടുത്തു നിന്നാണ്. ചിലര്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന രീതി രക്ഷിതാക്കളെ കൂടുതല്‍ വേദനിപ്പിക്കുന്ന രീതിയിലാണ്. അതു കൊണ്ടു മാത്രം കുട്ടിയെ ഡോക്ടറെ കാണിക്കാതിരിക്കുന്ന രക്ഷിതാക്കളെ എനിക്ക് പരിചയമുണ്ട്.

കൊച്ചിയില്‍ ‘ദി ആത്മെയ ബൊട്ടീക്ക്’ നടത്തുന്ന എന്റെ സുഹൃത്ത് മജിഷയാണ് എനിക്ക് ക്രിസ്തുമസിനു വസ്ത്രം സമ്മാനമായി നല്‍കിയത്. ശേഷം മറ്റൊരു സുഹൃത്തായ ദിയ ജോണ്‍ ഒരു ഫോട്ടോഷൂട്ട് നടത്താമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. കാരണം ഞാന്‍ ആദ്യമേ ആലോചിച്ച ഒരു കാര്യം കൂടിയായിരുന്നത്. ‘ഗിഫ്റ്റ് ഫോര്‍ ലൈഫ്’ എന്ന കോണ്‍സെപ്റ്റിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശ്രിയ. ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയതും അവളിലൂടെയാണ്. ഭര്‍ത്താവ് വിപിന്‍ കുമാര്‍ തിരുവനന്തപുരത്ത് മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *