‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് നായകന് യഷിനു ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. യഷ് പുകവലിക്കുന്ന മാസ് രംഗങ്ങള്‍ ആരാധകരുടെ ഇടയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരുളള ഒരു കന്നട നടന് പുകവലി മാസ് രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന് 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടീസറിലെ രംഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളിലും സമാനമായ രംഗങ്ങളുണ്ട്. യഷിന്റെ യുവാക്കളായ ആരാധകരെ ഇത് ബാധിക്കുമെന്നാണ് ആന്റി ടൊബാക്കോ സെല്‍ അഭിപ്രായപ്പെടുന്നത്. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നോട്ടീസില്‍.
നായകന് യഷും വില്ലന്‍ സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസര്‍ രണ്ട് ദിവസത്തിനുള്ളില്‍ 100 മില്യണ്‍ കാഴ്ച്ചക്കാര്‍ എന്ന റെക്കേര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത് നീലാണ് സംവിധായകന്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.