മമ്മൂട്ടിയും പരിപ്പുവടയും തമ്മിലുള്ള ബന്ധം. ആ രഹസ്യം അറിയാം..

Entertainment Feature More

കൊച്ചി: പ്രായംകൂടുന്തോറും സൗന്ദര്യവും കൂടിവരുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി. വയസ്സ് 68ആയെങ്കിലും 20വയസ്സുകാരന്റെ സൗന്ദര്യവുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയും പരിപ്പുവടയും തമ്മിലെന്താബന്ധമെന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക. മമ്മൂക്കയുടെ കടുത്ത നിയന്ത്രണത്തോടെയുള്ള ഭക്ഷണ രീതിയും വ്യായാമവുമാണ് ഈമാറ്റത്തിന് പിന്നിലെന്ന് ഭൂരിഭാഗം മലയാളികള്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂക്കയും പരിപ്പുവടയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു നിര്‍മാതാവ് നൗഷാദാണ് വിവരിക്കുന്നത്. മുമ്പ് സിനിമാഷൂട്ടിംഗിനിടെയുണ്ടായ അനുഭവം നൗഷാദ് വിവരിക്കുന്നത് ഇങ്ങിനെയാണ്.

‘ഷൂട്ടിംഗിനിടെ മമ്മുക്ക ഉച്ചത്തില്‍ പറഞ്ഞു. നൗഷാദേ നല്ല പരിപ്പുവടയുടെ മണം. അപ്പോള്‍ത്തന്നെ ആളെ വിട്ട് പരിപ്പുവട വാങ്ങിച്ചു. കഴിച്ചുകഴിഞ്ഞപ്പോഴാണ് അതുണ്ടാക്കിയ ‘പ്രത്യാഘാതം’ മനസിലായത്. അസിഡിറ്റി കൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ.’മേലാല്‍ ഇതുപോലുള്ള സാധനം വാങ്ങിച്ചേക്കരുത്.’ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പക്ഷേ അടുത്ത ദിവസവും നാലുമണിയായപ്പോള്‍ മണം ഒഴുകിയെത്തി. പതിവുപോലെ മമ്മുക്ക പരിപ്പുവടയ്ക്ക് ഓര്‍ഡര്‍ ചെയ്തു. അസിഡിറ്റി പ്രശ്നമാവുകയും ചെയ്തു. ആ പരിപ്പുവട മണം കൊണ്ട് കീഴ്പ്പെടുത്തിയത് ഒരാഴ്ചക്കാലമാണ്. അതോടെ എല്ലാവര്‍ക്കും മടുത്തു. കുട്ടനാട്ടില്‍ നിന്നും ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്തത് ഗുജറാത്തിലെ കച്ചിലേക്കായിരുന്നു. അവിടത്തെ റിസോര്‍ട്ടിലായിരുന്നു താമസം. വൈകിട്ടത്തെ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒപ്പം ഒരു ട്രോളിയുമെത്തി. ആവേശത്തോടെ ട്രോളിയിലെ ബോക്സിലേക്കു നോക്കിയപ്പോള്‍ സാക്ഷാല്‍ പരിപ്പുവട. ”പടച്ചോനെ ഇവിടെയും പരിപ്പുവടയോ?” ഞാന്‍ നിസ്സഹായതയോടെ ചോദിച്ചു. കൊണ്ടുവന്ന ഗുജറാത്തുകാരന്‍ ചിരിച്ചതേയുള്ളൂ. ഒടുവില്‍ അതുതന്നെ കഴിക്കേണ്ടിവന്നു. പിന്നീടാണ് അതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. കച്ചിലെ ആ റിസോര്‍ട്ടിന്റെ ഉടമസ്ഥനും ഒരു മലയാളിയാണ്.
ചെറിയ ചായക്കടകളില്‍ കയറി ഭക്ഷണം കഴിക്കുന്നതാണ് മമ്മുക്കയ്ക്കിഷ്ടം. ‘ചട്ടമ്പിനാടി’ന്റെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മമ്മുക്ക മുന്‍കൂട്ടിപ്പറഞ്ഞത് ഒരേയൊരു കാര്യമാണ്. ഡിണ്ടിഗലില്‍ ‘വേണുഹോട്ടല്‍’ എന്നൊരു ഷോപ്പുണ്ട്. ഭക്ഷണം അവിടെ നിന്നാവാം.’ പേരു കേട്ടപ്പോള്‍ ഏതോ വലിയ ഹോട്ടലാണെന്നാണ് കരുതിയത്. എത്തിയപ്പോള്‍ ചെറിയൊരു ചായക്കട. പക്ഷേ അവിടുത്തെ ഭക്ഷണത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ആട്ടിന്റെ തല, ആട്ടിന്‍കാലു കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍, ഉരുണ്ടിരിക്കുന്ന ബുള്‍സ് ഐ എന്നിവ കഴിച്ചത് അവിടെവച്ചാണ്. തൃശൂര്‍ വടക്കാഞ്ചേരി വഴിയാണ് യാത്രയെങ്കില്‍ എത്ര വൈകിയാലും ബ്രേക്ക്ഫാസ്റ്റ് കുതിരാന്‍മലയിലായിരിക്കും. അവിടുത്തെ ചെറിയ ചായക്കടക്കു മുമ്പില്‍ കാര്‍ നിര്‍ത്തിയാല്‍ മമ്മുക്ക നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ്. പുട്ടും മുട്ടയും പോത്തുവരട്ടിയതുമാണ് അവിടത്തെ സ്പെഷല്‍. കറികള്‍ സ്പൂണിലെടുത്ത് കൈവെള്ളയില്‍ വച്ച് ടേസ്റ്റ്നോക്കും. എന്നിട്ട് നന്നായിത്തന്നെ കഴിക്കും. കൂടെയിരിക്കുന്നവരെയും നിര്‍ബന്ധിക്കും. മമ്മുക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചായക്കടകളില്‍ ഒന്നാണത്. എറണാകുളത്താണ് ഷൂട്ടിംഗെങ്കില്‍ ചിലപ്പോഴൊക്കെ ഉച്ചഭക്ഷണം വീട്ടില്‍ നിന്നുവരുത്തും. അധികം എരിവില്ലാത്ത ഹെല്‍ത്തി ഫുഡാണ് മമ്മുക്കയ്ക്കുവേണ്ടി ഭാര്യ സുലു കൊടുത്തയയ്ക്കുന്നത്. അതു സ്വയം കഴിക്കുന്നതിനേക്കാളുപരി മറ്റുള്ളവര്‍ക്ക് വിളമ്പാനാണ് അദ്ദേഹത്തിന് താല്‍പര്യം. മമ്മുക്കയുടെ ഭാര്യ സുലു നല്ലൊരു പാചകക്കാരിയാണ്. വ്യത്യസ്തതയുള്ള പലഹാരങ്ങളും സൂപ്പുകളും അവിടെനിന്നും കഴിച്ചിട്ടുണ്ട്. വറുക്കാതെ സ്റ്റീം ചെയ്ത സമൂസ ആദ്യമായി കഴിച്ചത് മമ്മുക്കയുടെ വീട്ടില്‍വച്ചാണ്. സമൂസയുടെ രുചി ആസ്വദിച്ചുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു.
”ഇതിന്റെ പ്രിപ്പറേഷന്‍ എനിക്കു പറഞ്ഞുതരണം. കുക്കറി ഷോയില്‍ കാണിക്കാന്‍ വേണ്ടിയാണ്.’
അപ്പോള്‍ത്തന്നെ മമ്മുക്ക വിശദമായി പറഞ്ഞുതന്നു. ഒപ്പം ഒരു നിര്‍ദ്ദേശവും.”ഷോ നൗഷാദ് കാണിച്ചോളൂ. പക്ഷേ റോയല്‍റ്റി എനിക്കുതരണം.” മംഗളം വീക്കിലിയിലൂടെയാണ് നൗഷാദ് തന്റെ ഓര്‍മ പങ്കുവെച്ചത്.
അതേ സമയം ഏത് കാര്യത്തിലും മമ്മൂട്ടി കോംപ്രമൈസ് ചെയ്യും, തന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒഴിച്ച് എന്നൊരു പറച്ചില്‍ പൊതുവെയുണ്ട് സിനിമാ ഇന്‍ഡസ്ട്രിയില്‍. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് അദ്ദേഹം മുടക്കാറില്ല. സ്ഥിരമായ ഈ വ്യായാമശീലം കൊണ്ടുതന്നെയാണ് മെഗാസ്റ്റാര്‍ എപ്പോഴും ഫിറ്റ് ആയിരിക്കുന്നത്. എവിടെപ്പോയാലും ആകര്‍ഷണകേന്ദ്രമായി തുടരുന്നത്. ഒരു ചപ്പാത്തിയും ഒരു ചെറിയ ബൌള്‍ ചോറുമാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ പ്രധാന ഭക്ഷണം. . അഞ്ചുമുതല്‍ 10 വരെ വയസുള്ള ഒരു കുട്ടി കഴിക്കുന്ന ആഹാരമാണ് മമ്മൂട്ടി കഴിക്കാറെന്നും പറയുന്നു. പലപ്പോഴും നല്ല ഫുഡ് കഴിച്ചാല്‍ അന്ന് വ്യായാമം അധികരിപ്പിക്കുകയും ചെയ്യുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *