കോവിഡ് കാലത്ത് പ്രത്യേകം കരുതലുമായി അധികൃതര്‍

Feature Health Keralam Local News

മലപ്പുറം: നിര്‍വാഹമില്ലെങ്കില്‍ മാത്രമേ ക്യാമ്പുകളിലേക്ക് മാറ്റൂവെന്നും കോവിഡ് കാലത്ത് പ്രത്യേകം കരുതലുമായി അധികൃതര്‍. മലപ്പൃറം തിരൂരങ്ങാടി താലൂക്കില്‍ പ്രളയ പുനരധിവാസ ക്യാമ്പുകള്‍ സജ്ജമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മുന്‍ഗണന നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി. എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ 69 ലധികം ക്യാമ്പുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ടെങ്കിലും നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍ മാത്രമേ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയുള്ളൂ. നിലവില്‍ താലൂക്കില്‍ വെള്ളപ്പൊക്ക സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ മാത്രം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു.

തിരൂരങ്ങാടി താലൂക്കില്‍ നെടുവ, തിരൂരങ്ങാടി, വേങ്ങര, പറപ്പൂര്‍ വില്ലേജുകളാണ് കൂടുതലായും വെള്ളപ്പൊക്ക സാധ്യത മേഖലയില്‍പ്പെടുന്നത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം
വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഒരാഴ്ച മുമ്പ് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പല തവണയായി ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായി തഹസില്‍ദാറുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സംയുക്ത യോഗം ചേര്‍ന്ന് മുന്നൊരുക്കം വിലയിരുത്തുകയും ചെയ്തിരുന്നു. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ വയോധികര്‍, കോവിഡ് ലക്ഷണമുള്ളവര്‍, ക്വാറന്റെനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം ക്യാമ്പുകളാണ് ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്.

പ്രളയം ബാധിക്കാനിടയുള്ള മേഖലകളെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ജെ.സി.ബി, ഹിറ്റാച്ചി, കട്ടര്‍, ബോട്ടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉടമസ്ഥരുടെയും ഖലാസിമാരുടെയും ഫോണ്‍ നമ്പറുകളും നേരത്തെ തന്നെ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. അംഗീകൃത വളണ്ടിയര്‍മാരുടെ വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കില്‍ 17 വില്ലേജുകളാണുള്ളത്. ഇതില്‍ 13ലും മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കൃത്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *