ഫോട്ടോഗ്രാഫര്‍ യാമിക്ക്
സംഘപരിവാറിന്റെ വധഭീഷണി.
ചിത്രങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍
കൊല്ലുമെന്നും ആസിഡ് അറ്റാക്ക്
നടത്തുമെന്നും ഭീഷണി

Crime News

കൊച്ചി: വ്യത്യസ്ത ചിത്രങ്ങളാല്‍ ശ്രദ്ധേയയായ ഫോട്ടോഗ്രാഫര്‍ യാമിക്കെതിരെ സംഘപരിവാറിന്റെ
വധഭീഷണി. കഴിഞ്ഞ മാര്‍ച്ച് മാസം യാമി നടത്തിയ ഫോട്ടോഷൂട്ടാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയ വ്യക്തിയാണ് യാമി.

പവിത്ര ലക്ഷ്മിയെ മോഡലായി ചിത്രീകരിച്ച ഫോട്ടോഷൂട്ടാണിപ്പോള്‍ വിവാദായിരിക്കുന്നത്. ഈചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നും ആസിഡ് അറ്റാക്ക് നടത്തുമെന്നുമാണ് യാമിക്കെതിരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഹിജാബ് മുറിച്ച് കൊണ്ടുള്ള മുസ്ലിം സ്ത്രീയുടെ ഫോട്ടോഷൂട് ചെയ്യുന്നതിന് ഇവര്‍ പണവും വാഗ്ദാനം ചെയ്തതായും യാമി ‘മറുപുറം കേരളയോട് പറഞ്ഞു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ച യാമി താന്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

കേരളത്തില്‍ ലവ് ജിഹാദിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് യാമി ശ്രമിക്കുന്നതെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. നോര്‍ത്തിന്ത്യയില്‍ നിന്നുമാണ് കൂടുതല്‍ ഭീഷണികള്‍ വരുന്നതെങ്കിലും കേരളത്തില്‍ നിന്നും കുറവല്ല. ചിത്രം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒരു ലക്ഷം രൂപയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഹിജാബ് കീറി മുറിക്കുന്ന മുസ്ലിം സ്ത്രീയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്താല്‍ പണം വേറെയും വാഗ്ദാനം നല്‍കുമെന്നും വാഗ്ദാനം ലഭിച്ചു. വിവാദ ഫോട്ടോഷൂട്ട് നടത്തിയ ശേഷം മുതലേ യാമിക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാമിക്കെതിരെ ക്യാമ്പെയ്ന്‍ നടത്തി ഭീഷണികളും വീട്ടുകാരെയടക്കമുള്ളവരെ അസഭ്യവും തെറി വിളികളും നടത്തിക്കൊണ്ടിരിക്കുകയാണ്.

തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്കിനെക്കുറിച്ച് യാമി മറുപുറം കേരളയോട് പ്രതികരിക്കുന്നു.
‘താന്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വരുന്നത് ഇതാദ്യ തവണയല്ല. താന്‍ കൂടുതലായും കോണ്‍സെപ്റ്റ്വല്‍ ഷൂട്ടാണ് ചെയ്യാറുള്ളത്. അതു കൊണ്ടു തന്നെ വിവാദങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നറിയാം. അതെല്ലാം എന്നെ ബാധിക്കാതെ തന്നെ ഞാന്‍ കൈകാര്യം ചെയ്യാറുമുണ്ട്. ഇപ്പോഴുള്ള ഭീഷണികളും തെറി വിളികളും എന്റെ വീട്ടുകാരെക്കുറിച്ച് കൂടിയാണ്. അതെന്നെ ബാധിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അതൊന്നും കാര്യമാക്കണ്ട, പറയുന്നവര്‍ പറഞ്ഞ് പോയിക്കോട്ടെ എന്നാണ് അവര്‍ പ്രതികരിച്ചത്. പിന്നെ ഞാനുമത് കാര്യമാക്കിയില്ല. എന്തൊക്കെ സംഭവിച്ചാലും പോസ്റ്റ് പിന്‍വലിക്കില്ല എന്നു തന്നെയാണ് തീരുമാനം. ആ പോസ്റ്റ് പതിനായിരക്കണക്കിനാളുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിന്റെ ഒരു കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സും തെറ്റിക്കാത്തതു കൊണ്ടു തന്നെയാണ് ഇപ്പോഴും അതവിടെയുള്ളത്. അങ്ങനെ എന്തെങ്കിലും നിയമം തെറ്റിച്ചിട്ടുണ്ടെങ്കില്‍ ഒരു റിപ്പോര്‍ട്ട് കൊണ്ടു തന്നെ പോസ്റ്റ് പോവുമായിരുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് എനിക്കുറപ്പാണ്. ഞാനിത് മറ്റൊരു ഫോട്ടോഗ്രാഫറായ മോര്‍ഫി റിച്ചാര്‍ഡിന്റെ കോണ്‍സെപ്റ്റില്‍ നിന്നുള്ള പ്രചോദനം കൊണ്ട് ചെയ്തതാണ്.അല്ലാതെ ഇതൊരിക്കലും ഹിന്ദു മതത്തെയോ സംസ്‌കാരത്തെയോ അധിക്ഷേപിക്കാന്‍ വേണ്ടി ചെയ്തതല്ല. അതു കൊണ്ടു തന്നെ തന്റെ നിലപാടിനു മാറ്റമില്ലെന്നും യാമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *