ഓണ്‍ലൈന്‍ മാധ്യമങ്ങളും വിനോദ പ്ലാറ്റ്‌ഫോമുകളും ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; ഭേദഗതി വരുത്തിയ ചട്ടം പുറത്തിറക്കി

India

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും ഓണ്‍ലൈന്‍ സിനിമാ – വീഡിയോ റിലീസിങ് പ്ലാറ്റ് ഫോമുകളും (ഒടിടി) ഇനി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.

നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളും ന്യൂസ് പോര്‍ട്ടലുകളും ഇനി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലായിരിക്കും. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. നിലവില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ഇതോടെ ബാധകമാകും.

അച്ചടി മാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് അസോസിയേഷനും കീഴിലാണ് വരുന്നത്. പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ അഡൈ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമകളുടെ ഉള്ളടക്കം നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും നിലവിലുണ്ട്. എന്നാല്‍ നിലവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സ്ഥാപനം നിലവിലില്ല.

വ്യാജവാര്‍ത്ത, വിദ്വേഷ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെയ്ക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയവ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ വ്യാപകമാകുന്നതില്‍ സുപ്രീം കോടതി ആശങ്ക അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി അടുത്തിടെ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്ന് ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ചോദിച്ചുകൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *