കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍

India News

ന്യൂദല്‍ഹി: കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചു. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാല്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന കര്‍ഷകര്‍ കേന്ദ്രത്തിന്റെ തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡിസംബര്‍ 29 ന് ചര്‍ച്ചയ്ക്ക് തയ്യാറായത്. ഈ ചര്‍ച്ചയാണ് ഡിസംബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നത്. ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയ്ക്ക് പകരം ഡിസംബര്‍ 30 ന് ചര്‍ച്ച നടത്താന്‍ സമ്മതിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൃഷി മന്ത്രാലയം കര്‍ഷക യൂണിയനുകള്‍ക്ക് കത്ത് നല്‍കി. മറ്റന്നാള്‍ 2 മണിക്ക് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ നിലപാട്. ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *