കര്‍ഷക ബില്ലില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. കര്‍ഷക സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും എല്ലാ കര്‍ഷകരും നിയമത്തിന് എതിരല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അതൃപ്തി രേഖപ്പെടുത്തുകയാണ് സുപ്രിംകോടതി ചെയ്തത്. പ്രശ്നപരിഹാരത്തിന് കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. തങ്ങള്‍ നിരാശരാണെന്നും ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി.