മുംബൈ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ഇത്തരമൊരു നിലപാട് എടുത്തത്.
ആര് ടി – പി സി ആര് പരിശോധനാഫലമാണ് വിമാന യാത്രക്കാര്‍ക്ക് വേണ്ടത്. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവര്‍ക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയില്‍ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ ആര് ടി – പി സി ആര് പരിശോധനയ്ക്ക് വിധേയമാക്കും. അതിന്റെ ചെലവ് യാത്രക്കാരന് വഹിക്കണം.
ട്രയിനില്‍ യാത്ര ചെയ്യുന്നവര്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് കൈയില്‍ കരുതേണ്ടത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍, പരിശോധന നടത്താതെ ആരെങ്കിലും എത്തിയാല്‍ അവരെ അതത് റെയില്‍വേ സ്റ്റേഷനുകളില്‍ സ്ക്രിനിങ്ങിന് വിധേയമാക്കും. ഇതില്‍ ആരെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. എന്നാല്‍, ചികിത്സാ ചെലവ് സ്വയം വഹിക്കണം.
റോഡിലൂടെ എത്തുന്ന യാത്രക്കാര്‍ക്ക് മഹാരാഷ്ട്ര അതിര്‍ത്തിയില്‍ പരിശോധന ഉണ്ടാകും. കോവിഡ് ലക്ഷണങ്ങള്‍ സംബന്ധിച്ച സ്ക്രീനിംഗ് നടത്തിയ ശേഷമാകും കടത്തിവിടുക.