തൊഴിലില്ലായ്മയിലും പിന്‍വാതില്‍ നിയമനങ്ങളിലും പ്രതിഷേധിച്ച് ബംഗാളില്‍ ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച്; പൊലീസ് അതിക്രമത്തില്‍ ഒരു മരണം

India News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ പൊലീസ് അതിക്രമത്തില്‍ ഒരു മരണം. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ തൊഴിലില്ലായ്മയിലും പിന്‍വാതില്‍ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സിപിഎം പ്രക്ഷോഭം നടത്തുന്നത്. ഇതിനിടയിലാണ് മാര്‍ച്ചില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചത്. പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകള്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവില 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മൈദുല്‍ അലി മിദ്ദയാണ് മരിച്ചത്. മൈദുലിന്റെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇടത് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം മൈദുലിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

മമതാ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും തൃണമൂല്‍ അനുഭാവികള്‍ക്ക് മാത്രം ജോലി നല്‍കുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊല്‍ക്കത്തയില്‍ എസ്എഫ്‌ഐ – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധി പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തില്‍ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന സിപിഎം ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് മമതയ്‌ക്കെതിരെ സമരം നടത്തുന്നത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കിയതിനിടെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കൂട്ട സ്ഥിരപ്പെടുത്തല്‍ നടത്തിയിരുന്നു. സര്‍ക്കാര്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെയാണ് ഇന്ന് സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം.

സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത് നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി. സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍- 14 , കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍. നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *