മഹാരാഷ്ട്രക്ക് പിറകേ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സെര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

India News

ബംഗളൂരു: കേരളത്തില്‍നിന്നുള്ളവര്‍ക്ക് ആര്‍ടി -പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി കര്‍ണാടക. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ ആളുകളും 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തിയവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. കേരളത്തില്‍ നിന്ന് വരുന്നവര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഡോര്‍മെറ്ററികള്‍, ഹോസ്റ്റലുകള്‍, ഹോംസ്റ്റേകള്‍ എന്നിവടങ്ങളില്‍ തങ്ങുന്നുണ്ടെങ്കില്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടി വരും.

ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബെംഗളൂരു കെ.ടി.നഗറിലുള്ള ഒരു നഴ്സിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ 70 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *