പൊട്രോള്‍@100; എണ്ണകമ്പനികളോ സര്‍ക്കാരോ വില്ലന്‍?

India News

അരുണ്‍ എന്‍ ആര്‍

ഒരു ദിവസം പോലും ഒഴിവില്ലാതെയാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ പത്ത് ദിവസമായുള്ള തുടര്‍ച്ചയായ വര്‍ധനവില്‍ പെട്രോള്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസം കൊണ്ട്് കൂട്ടിയത് 18 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുകയാണ്. സത്യത്തില്‍ ആരോടാണ് പ്രതികരിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. എണ്ണകമ്പനികളാണോ സര്‍ക്കാരാണോ വില്ലന്‍?.

ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണകമ്പനികളുടെ ഭൂരിഭാഗവും പൊതുമേഖലയുടേതാണ്. ഒരു ലിറ്റര്‍ പൈട്രോളിന് റിഫൈനറി ചാര്‍ജായി എണ്ണകമ്പനികള്‍ ഈടാക്കുന്നത് നാല് രൂപയോളം. ഇത്തരത്തില്‍ റിഫൈനറിയില്‍ നിന്നും പമ്പില്‍ എത്തുന്നതു വരെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 30 രൂപയാണ്. ഇത് ജനങ്ങളിലേക്ക് എത്തുന്നതിന് ഇടയിലാണ് 60 രൂപയോളം കൂടുന്നത്.

ഇന്ധനവില നിശ്ചയിക്കുന്നത് ആഗോള വിപണിയിലെ ക്രൂഡ്ര് ഓയില്‍ വില, ഡോളര്‍ രൂപ വിനിമയം, ഇറക്കുമതിയുടെ ഇന്‍ഷുറന്‍സ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലര്‍ കമ്മീഷന്‍ ഇവയെല്ലാം ചേര്‍ന്നാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ടാക്സ് കൂടി ചുമത്തുമ്പോള്‍ 30ല്‍ നിന്നും വില 100 ലേക്ക് എത്തുന്നു.

സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ നിശ്ചയിക്കുന്ന വിലയും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീരുവയും കുറച്ചാല്‍ ഇന്ധനവില എത്രയായി വേണമെങ്കിലും കുറയ്ക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാരിന് 25 ശതമാനം വരുമാനം ലഭിക്കുന്ന മേഖലയായതിനാല്‍ തന്നെ പെട്രോളിന്റെ ടാക്സ് കുറച്ചാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അത് കാര്യമായി ബാധിക്കും. കുറച്ചില്ലെങ്കില്‍ ജനങ്ങളും വലയും.

രാജ്യത്തെ പൊതുമേഖല കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ ക്രൂഡ് ഓയില്‍ വില കൂടിയാലും സര്‍ക്കാരിന് തീരുവ കുറച്ച് ഇന്ധന വില വര്‍ധനവിനെ പിടിച്ചുകെട്ടാന്‍ സാധിക്കുമായിരുന്നു. ശക്തമായ മറ്റ് സാമ്പത്തിക സ്രോതസ്സ് സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ തീരുവ കുറയ്ക്കാന്‍ സാധ്യതയുമില്ല. അതുകൊണ്ട് തന്നെ ഇന്ധന വില ഇനിയും കുത്തനെ കൂടിക്കൊണ്ടിരിക്കാനാണ് സാധ്യത. എന്നാല്‍കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴുള്ള താത്പര്യം ജനങ്ങളെ പടുകുഴിയിലേക്ക് തള്ളിവിടുമെന്നത് തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *