സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കമ്പനിയുടെ പേരും ലോഗോയും ഉള്‍പ്പെടുന്ന ക്യാരിബാഗുകള്‍ ഉപഭോകതാക്കള്‍ക്ക് കൊടുക്കുന്നത് പതിവാണ്. അതിന് പ്രത്യേകം പണമീടാക്കാറുമുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് പാടില്ലെന്ന് ഹൈദരാബാദിലെ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. അത് അന്യായമായ വിപണനരീതിയാണെന്നും ഇത് നിര്‍ത്തലാക്കണമെന്നും ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു.
‘മോര് മെഗാസ്റ്റോറി’നെതിരെ നിയമവിദ്യാര്‍ത്ഥിയായ ഭഗ്ലേക്കര്‍ ആകാശ് കുമാര്‍ നല്കിയ പരാതിയിലാണ് നടപടി. ലോഗോയുള്ള ക്യാരിബാഗ് പണമീടാക്കി നല്‍കുന്നതിലൂടെ ഉപഭോക്താവിനെ പരസ്യ ഏജന്റാക്കി മാറ്റുകയാണ് കമ്പനി ചെയ്യുന്നതെന്നും ഇത് 1986-ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമാനമായ ഒരു കേസില്‍ റീട്ടെയില്‍ ഭീമന്മാരായ ബിഗ് ബസാറിനെതിരെ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പുറപ്പെടുവിച്ച വിധിയും വക്കണ്ടി നരസിംഹറാവു, പി.വി.ടി.ആര് ജവഹര്‍ ബാഹു, ആര്.എസ് രാജശ്രീ എന്നിവരടങ്ങുന്ന ബെഞ്ച് ഉദ്ധരിച്ചു. പരാതിക്കാരന് 15000 രൂപ നല്‍കാനും കമ്മീഷന് ഉത്തരവിട്ടു.
ക്യാരിബാഗിന് അധികമായി മൂന്ന് രൂപ വാങ്ങുന്നത് നിയമവിരുദ്ധമല്ലെന്ന് മോര് മെഗാസ്റ്റോറിനു വേണ്ടി ഹാജരായ അഡ്വ. കെ. ചൈതന്യ വാദിച്ചു. ക്യാരി ബാഗ് വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കാറില്ലെന്നും പൂര്‍ണമായും തന്നിഷ്ടപ്രകാരമാണ് ബാഗുകള്‍ വാങ്ങാറുള്ളതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ലോഗോ പതിക്കാത്ത ക്യാരി ബാഗുകള്‍ക്ക് പണം ഈടാക്കാമെന്നും ലോഗോ പതിക്കുകയാണെങ്കില്‍ ബാഗ് ഫ്രീ ആയി നല്‍കണമെന്നും കമ്മീഷന് വ്യക്തമാക്കി.