പഠിക്കണമെന്ന പേരക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ വീട് വിറ്റ് മുത്തശ്ശന്‍; കണ്ണീര്‍ സുമനസ്സുകളുടെ സഹായമായി ലഭിച്ചത് 24 ലക്ഷം രൂപ

India News

സോഷ്യല്‍ മീഡിയ വീണ്ടും അതിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ്. മുംബൈയിലെ ഖാര്‍ ദണ്ഡ നാകയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദേശ് രാജ് പേരക്കുട്ടിയുടെ ഉപരിപഠനത്തിനായി വീടു വിറ്റതും ആ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് സഹായം അഭ്യര്‍ത്ഥിച്ച് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.

74 കാരനായ ദേശ്രാജിന്റെ കഥ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് സംഭാവനകളുമായി എത്തിയത്. എല്ലാ ഭാഗത്തു നിന്നും സഹായം അദ്ദേഹത്തിന് നല്‍കാന്‍ തുടങ്ങി. ദേശ്രാജിന് 20 ലക്ഷം രൂപ സമാഹരിക്കാന്‍ ആഗ്രഹിച്ച ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ഒടുവില്‍ 24 ലക്ഷം രൂപ സ്വരൂപിച്ചു. തുകയുടെ ചെക്ക് അദ്ദേഹത്തിന് കൈമാറി.

ആളുകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറയുന്ന ബ്ലോഗായ ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’യോടാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ദേശ്രാജ് തന്റെ ജീവിതയാത്ര പങ്കുവെച്ചത്. ഇദ്ദേഹത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ഡാല്‍മിയ ഈ ജീവിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ‘തന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ശപഥമെടുത്തൊരു മനസാണ് അയാളുടെത്’ എന്ന സിനിമ ഡയലോഗ് കടമെടുക്കുകയാണെങ്കില്‍ ദേശ്‌രാജിന്റെ ജീവിതം അങ്ങനെ തന്നെയാണ്.

എന്നാല്‍ ഈ കഥയ്ക്ക് സിനിമയുമായി ബന്ധമില്ല. സിനിമാകഥകളെ പോലും വെല്ലുന്ന തരത്തില്‍ കുടുംബത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതം തന്നെയാണ് ദേശ്‌രാജിന്റെത്. മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ദേശ്‌രാജ്. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ പങ്കുവെച്ച ഇദ്ദേഹത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

തന്റെ രണ്ടു മക്കളെയും നഷ്ടപ്പെട്ടതിനു ശേഷവും, കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോവുകയാണ് ഈ 74കാരന്‍ ഇപ്പോള്‍. ആറ് വര്‍ഷം മുമ്പ്, എന്റെ മൂത്ത മകനെ വീട്ടില്‍ നിന്ന് പെട്ടെന്ന് കാണാതായി; പതിവുപോലെ ജോലിക്ക് പോയ മകന്‍, പക്ഷേ തിരിച്ചെത്തിയില്ല, ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തില്‍ ദേശരാജ് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് മൂത്ത മകന്റെ മൃതദേഹം കണ്ടെത്തിയത്. മാനസികമായി തകര്‍ന്നെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ വിലപിച്ചിരിക്കാന്‍ അദ്ദേഹത്തിന് സമയമില്ലായിരുന്നു.

അതിനാല്‍, അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ ഓട്ടോയുമായി റോഡിലേക്ക് ഇറങ്ങി. മൂത്തമകന്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, ദേശ്‌രാജിന്റെ ഇളയ മകന്‍ ആത്മഹത്യ ചെയ്തു. ‘എന്റെ മരുമകളെയും അവരുടെ നാല് മക്കളെയും നോക്കണമെന്ന ഉത്തരവാദിത്ത ബോധമാണ് എന്നെ മുന്നോട്ട് നയിച്ചത്’ ദേശരാജ് പറയുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം, കുടുംബത്തിന് വേണ്ടി ഈ പ്രായത്തിലും കൂടുതലായി അധ്വാനിക്കേണ്ടി വന്നു- രാവിലെ 6 മണിക്ക് വീട് വിട്ടിറങ്ങിയാല്‍ അര്‍ദ്ധരാത്രി വരെ ഓട്ടോ ഓടിച്ച് പ്രതിമാസം 10,000 രൂപ സമ്പാദിക്കും.

‘മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്ക് കഴിക്കാന്‍ ഒന്നും ഉണ്ടാകാറില്ല’ ദേശരാജ് പറയുന്നു. മാസത്തില്‍ കിട്ടുന്ന ആകെ വരുമാനത്തില്‍ 6,000 രൂപ പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കും, 7 പേരുള്ള ഒരു കുടുംബത്തെ പോറ്റുന്നത് ബാക്കിയുള്ള 4,000 രൂപ കൊണ്ടാണ്. തന്റെ പേരക്കുട്ടിക്ക് ബി എഡ് കോഴ്‌സിനായി ഡല്‍ഹിയിലേക്ക് പോകണമെന്ന ആഗ്രഹം നിറവേറ്റാന്‍ ദേശ്‌രാജ് തന്റെ വീട് വിറ്റു. ‘എനിക്ക് അവളുടെ സ്വപ്നങ്ങള്‍ എന്തു വില കൊടുത്തും നിറവേറ്റേണമായിരുന്നു. അതിനാല്‍, ഞാന്‍ ഞങ്ങളുടെ വീട് വിറ്റ് അവളുടെ ഫീസ് അടച്ചു’ അദ്ദേഹം പങ്കുവെച്ചു. മുംബൈയില്‍ ഓട്ടോ ഓടിച്ചാലേ കുടുംബം പോറ്റാനാകൂ എന്നുള്ളതിനാല്‍ ദേശ്‌രാജ് ഭാര്യയെയും മരുമകളെയും മറ്റ് പേരക്കുട്ടികളെയും അവരുടെ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു.

ഈ കഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വളരെയധികം സ്വാധീനിക്കുകയും അദ്ദേഹത്തെ സഹായിക്കാന്‍ പലരും മുന്നോട്ട് വരികയും ചെയ്തു. ഗുഞ്ചന്‍ റാട്ടി എന്ന ഫേസ്ബുക്ക് ഉപയോക്താവ് 276 പേരില്‍ നിന്ന് 5.3 ലക്ഷം രൂപ സ്വരൂപിച്ചതായി, എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ഡാല്‍മിയയും ദേശരാജിന്റെ കഥ ട്വിറ്ററില്‍ പങ്കുവെച്ചു. ദേശ്‌രാജിന്റെ ഫോണ്‍ നമ്പര്‍ പങ്കുവെച്ചുകൊണ്ട് അയാളെ സഹായിക്കാന്‍ അവര്‍ മുംബൈക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *