ടൂറിസ്റ്റ് ബസുകള്‍ക്ക് ഓടാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട; കേന്ദ്രത്തിന്റെ വിജ്ഞാപനമിറങ്ങി

India News

തിരുവനന്തപുരം : സ്വകാര്യ ആഡംബര ബസുകള്‍ക്ക് ഇനി സംസ്ഥാനസര്‍ക്കാറിന്റെ അനുമതി
ആവശ്യമില്ല. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനസര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ സ്വകാര്യ ആഡംബര ബസുകള്‍ക്ക് ഓടാനുള്ള അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നല്‍കുന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്താല്‍ രാജ്യത്ത് എവിടെയും ബസ് ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങള്‍ ഓടിക്കാം. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം അനുമതി വാങ്ങേണ്ട ആവശ്യമില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം പെര്‍മിറ്റ് ലഭിക്കും.

23 സീറ്റില്‍ കൂടുതലുള്ള എ.സി. ബസിന് മൂന്നുലക്ഷം രൂപയും നോണ്‍ എ.സി.ക്ക് രണ്ടുലക്ഷം രൂപയും വാര്‍ഷിക പെര്‍മിറ്റ് ഫീസ് നല്‍കണം. 10 മുതല്‍ 23 സീറ്റുകള്‍ വരെയുള്ള എ.സി. വാഹനങ്ങള്‍ക്ക് 75,000 രൂപയും നോണ്‍ എ.സിക്ക് 50000രൂപയും നല്‍കണം.

കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ജൂലായിലാണ് കരട് പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥ നടപ്പാകും.

പുതിയ ഭേദഗതി കെ.എസ്.ആര്‍.ടി.സിയെ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *