നോട്ടക്ക് കൂടുതല്‍ വോട്ട് വന്നാല്‍ ആരെ വിജയിപ്പിക്കണം? ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു

India News

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കില്‍ (നണ്‍ ഓഫ് ദി എബൗ) ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ഭരണഘടനയുടെ 324-ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമുപയോഗിച്ച് ഇത്തരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.

ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നേരത്തേയുണ്ടായിരുന്ന സ്ഥാനാര്‍ഥികളെ വീണ്ടും മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രധാനപ്പെട്ടതാണെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇഷ്ടമില്ലാത്തവരെ തള്ളാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. സ്ഥാനാര്‍ഥികളുടെ പശ്ചാത്തലത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അവരെ മുഴുവനും തള്ളി പുതിയ ആളുകളെ ജയിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. സ്ഥാനാര്‍ഥികളെക്കാള്‍ വോട്ട് നോട്ടയ്ക്കാണെങ്കില്‍ തിരഞ്ഞെടുപ്പുഫലം റദ്ദാക്കി വീണ്ടും മത്സരം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ലോ കമ്മിഷനും ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ലെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *