കിഫ്ബി മോഡല്‍ നടപ്പാക്കി കേന്ദ്രവും; നിയമ നിര്‍മാണ നടപടികള്‍ ഇന്ന് തുടങ്ങും

India News

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്രധനമന്ത്രാലം ആവിഷ്‌കരിച്ച ഡവലപ്മെന്റ് ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനായുള്ള (ഡിഎഫ്ഐ) നിയമനിര്‍മാണം ഇന്നാരംഭിക്കും. കേരളത്തില്‍ നടപ്പാക്കിയ കിഫ്ബി മോഡല്‍ സ്ഥാപനമാണിത്. ഇതിനായുള്ള നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്മെന്റ് ബില്‍ (എന്‍ബിഎഫ്ഐഡി) ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

ഒരുലക്ഷം കോടി രൂപയാണ് ഡിഎഫ്ഐയുടെ മൂലധനം. 26 ശതമാനം ഓഹരി എല്ലാ കാലത്തും സര്‍ക്കാറിന്റെ കൈയിലായിരിക്കും. മൂന്നു ലക്ഷം കോടി രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് സ്ഥാപനം സാമ്പത്തികമായി സഹായിക്കും. കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഡിഎഫ്ഐ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ഇരുപതിനായിരം കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

ആര്‍ബിഐയുടെ പിന്തുണ

പണലഭ്യതയില്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള പിന്തുണ ലഭിക്കുന്ന സ്ഥാപനമാകും ഡിഎഫ്ഐ എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലയില്‍ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുമായി നേരിട്ട് ബന്ധങ്ങളില്ല. റിസര്‍വ് ബാങ്കില്‍ തിരിച്ചടവ് നിബന്ധനകളോട് നേരിട്ട് പണം കടമെടുക്കാനുള്ള അനുമതിയാണ് സ്ഥാപനത്തിന് ഉണ്ടാകുക. സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ടാകും.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷേപമിറക്കാനും വായ്പ നല്‍കാനും ഡിഎഫ്ഐക്കാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ സംയോജിപ്പിക്കാനുള്ള ചുമതലയുമുണ്ടാകും.

പ്രാദേശിക-അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വായ്പകളാണ് ഡിഎഫ്ഐയുടെ പ്രധാന വരുമാന സ്രോതസ്സ്. കിഫ്ബിയെ പോലെ ബോണ്ടുകളും പുറത്തിറക്കാന്‍ ആലോചനയുണ്ട്. ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ന്യൂഡവലപ്മെന്റ് ബാങ്ക് എന്നിവയില്‍ നിന്നെല്ലാം ഫണ്ടുകള്‍ സ്വീകരിക്കും.

പദ്ധതി പ്രഖ്യാപിച്ച വേളയില്‍ തന്നെ നിര്‍ദിഷ്ട സ്ഥാപനം കിഫ്ബിയുടെ പതിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. കിഫ്ബി ഭരണഘടനാ വിരുദ്ധമാണ് എന്ന് പറയുന്നവര്‍ തന്നെയാണ് കേരള മാതൃക സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *