ഡല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു; നിയമത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

India News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കികൊണ്ടുള്ള നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഭേദഗതി ബില്ലില്‍ പ്രസിഡന്റ് രാമനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ബുധനാഴ്ചയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലും രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ശബ്ദ വോട്ടുകള്‍ക്കായിരുന്നു ബില്‍ സഭയില്‍ പാസാക്കിയത്. 45നെതിരെ 83 വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ കടന്നത്.

ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ലഫ്റ്റനന്റ് ഗവരണ്‍ര്‍ എന്നതാണ് നിയമം പറഞ്ഞു വയ്ക്കുന്നത്. മാര്‍ച്ച് 22ന് ലോക്സഭ ഈ ബില്ല് പാസാക്കിയിരുന്നു. അതേസമയം ബിജെഡി, എസ്പി, കോണ്‍ഗ്രസ്, വൈഎസ്ആര്‍ തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാര്‍ സഭയില്‍ നിന്നിറങ്ങി പോയിരുന്നു. ബില്ലിനെ ശക്തമായി നേരിടുമെന്ന് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ബില്ല് രാജ്യസഭ പാസാക്കിയപ്പോള്‍ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിനമെന്നാണ് അദേഹം ഇതിനെ വിശേഷിപ്പിച്ചത്.

നിയമം നിലവില്‍ വന്നതോടെ ലഫ്റ്റന്റ്് ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂ. എന്നാല്‍ നിയമം ഒരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷക സമരം പോലെ വന്‍ പ്രതിഷേധമുണ്ടാകുമെന്നും ആം ആദ്മി പ്രചികരിച്ചു. എന്നാല്‍ ഈ നിയമത്തിലെ ഭേദഗതികള്‍ ഡല്‍ഹിയിലെ നല്ലൊരു സര്‍ക്കാര്‍ സംവിധാനം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളുടെ ആശങ്കകള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു.

ഈ നിയമം തുല്യതയും സമന്വയവും മെച്ചപ്പെടുത്തുമെന്നും ഭേദഗതി ഡല്‍ഹിയിലെ ഭരണത്തില്‍ സുതാര്യതയ്ക്കും വ്യക്തതയ്ക്കും കാരണമാകുമെന്നും പൊതു ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1991ലെ നിയമത്തിലെ അവ്യക്തതകള്‍ നീക്കം ചെയ്യുന്നതിനാണ് ഭേദഗതി ചെയ്യുന്നതിന് പിന്നിലെ യുക്തി അദ്ദേഹം സഭയില്‍ വിശദീകരിച്ചു. അതേസമയം നിയമത്തെ എതിര്‍ത്ത് നിരവധി പ്രതിപക്ഷ നേതാക്കളാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *