പ്യാരെ ഖാന്‍; സ്വന്തം ചിലവില്‍ 85 ലക്ഷം രൂപ ചിലവിട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി 400 മെട്രിക് ടണ്‍ ഓക്സിജന്‍

India News

നാഗ്പൂര്‍: ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ ഓക്‌സിജനു വേണ്ടി നെട്ടോട്ടമോടുമ്പോള്‍ നന്മയുടെ മുഖമായി എത്തിയിരിക്കുകയാണ് ഒരു വ്യവസായി. നാഗ്പൂരിലെ പ്രമുഖ ട്രാന്‍സ്പോര്‍ട്ടറായ പ്യാരെ ഖാനാണ് തന്റെ സ്വന്തം ചിലവില്‍ 85 ലക്ഷം രൂപ ചിലവിട്ട് 400 മെട്രിക് ടണ്‍ ഓക്സിജന്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി നല്‍കിയത്.

ഓക്‌സിജന്‍ നല്‍കിയതിന്റെ പണം തരാമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചു പറഞ്ഞുവെങ്കിലും പ്യാരെ ഖാന്‍ നിരസിക്കുകയായിരുന്നു. വിശുദ്ധ റമളാന്‍ മാസത്തില്‍ ഇത് തന്റെ കടമയാണെന്നും സക്കാത്തായാണ് താന്‍ ഇത് കണക്കു കൂട്ടുന്നതെന്നും പ്യാരെ ഖാന്‍ വ്യക്തമാക്കി.

താന്‍ ചെയ്ത പ്രവര്‍ത്തിയെ മാനവികതക്കുള്ള സേവനമായി കണക്കു കൂട്ടാനാണ് അദ്ദേഹം പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ സമുദായത്തിലുള്ളവര്‍ക്കും ജീവവായു എത്തിക്കുകയെന്നത് ഒരു സേവനം കൂടിയാണെന്ന് പ്യാരെ ഖാന്‍ പറയുന്നു. ആവശ്യം വരികയാണെങ്കില്‍ ബ്രസല്‍സില്‍ നിന്ന് എയര്‍ലിഫ്റ്റിലൂടെ ടാങ്കറുകള്‍ എത്തിക്കാമെന്നും അതിന് ശ്രമിക്കാമെന്നും പ്യാരെ ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

1995 ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ഓറഞ്ച് വില്‍പ്പനക്കാരനായിട്ടായിരുന്നു പ്യാരെ ഖാന്റെ തുടക്കം. താജ്ബാഗിലെ ചേരിയില്‍ താമസിച്ചിരുന്ന പലചരക്ക് വ്യാപാരിയുടെ മകനായിരുന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടി മൂലധനം വരുന്ന കമ്പനികളുടെ ഉടമയാണ്.

നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള, ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുള്ള പ്യാരെ ഖാന് ബെംഗളൂരുവില്‍ നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ അടിയന്തിരമായി വാടകയ്ക്ക് എടുക്കാന്‍ മൂന്ന് മടങ്ങ് കൂടുതല്‍ തുകയാണ് നല്‍കേണ്ടി വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കാന്‍ അദ്ദേഹത്തിന് ഇത് ആവശ്യമായിരുന്നു.

പല ഭാഗങ്ങളിലും ഓക്‌സിജന്റെ ലഭ്യതക്കുറവു മൂലം ആളുകള്‍ മരണത്തിനു കീഴടങ്ങന്‍ തുടങ്ങിയപ്പോഴാണ് പ്യാരെ ഖാന് ഇങ്ങനെ ഒരാശയം തോന്നിയതും അദ്ദേഹം ഇതിനീയി ഇറങ്ങി തിരിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *