ഡല്‍ഹി: പൂച്ചകളെ ബാധിക്കുന്ന കൊറോണവൈറസിനുള്ള മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശാസ്ത്ര ലോകം. കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വൈറസ് വിഭജിച്ച് പുതിയവ രൂപംകൊള്ളുന്നത് തടയാന്‍ ഈ മരുന്ന് കഴിയും. അതുവഴി രോഗബാധയേയും ഈ മരുന്ന് തടയുന്നു.2003ലെ സാഴ്സ് രോഗ ബാധ സമയത്ത് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതേക്കുറിച്ച് ആദ്യം പഠിച്ചത്. പിന്നീട്, വെറ്ററിനറി ഗവേഷകര്‍ വികസിപ്പിച്ച ഈ മരുന്ന് പൂച്ചകളുടെ മരണ കാരണമാകുന്ന കൊറോണവൈറസ് രോഗത്തെ ഭേദമാക്കി.
സാഴ്സ്-കോവി-2-വില്‍ ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠിക്കുകയും കണ്ടെത്തലുകള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ടെസ്റ്റ് ട്യൂബിലും മനുഷ്യരുടെ കോശങ്ങളിലും ഈ മരുന്ന് എങ്ങനെ സാഴ്സ്-കോവി-2-വിന് എതിരെ ഈ മരുന്നിലെ ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം നടത്തി. ഗവേഷകര്‍ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനു വേണ്ടിയുള്ള ഗുണനിലവാരത്തിലും അളവിലും മരുന്ന് ഗവേഷകര്‍ വെറ്ററിനറി മരുന്ന് കമ്പനിയുമായി ചേര്‍ന്ന് ഉല്പാദിപ്പിച്ചു.
അതേ സമയം കൊറോണ വൈറസ് വാക്സിന് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ എത്തുമെന്ന് പ്രതീക്ഷകള്‍ നല്കി വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ അതിലും വേഗത്തിലോ വാക്സിന് എത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം.
കോവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചാലുടന്‍ അടിയന്തിര അനുമതി നല്‍കുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ബ്രിട്ടന് വ്യക്തമാക്കി. മുഴുവന്‍ ലൈസന്‍സിംഗ് പ്രക്രിയയും പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കില്ലെന്നും ബ്രിട്ടന് അറിയിച്ചു. പുതിയ നിയമ വ്യവസ്ഥ ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ ആരംഭിക്കും. വാക്സിന് സുരക്ഷിത മാണെന്ന് തെളിയിക്കപ്പെട്ടാല്‍ മരുന്ന് നിര്‍മാണ കമ്പനിക്ക് അടിയന്തിര അനുമതി നല്‍കാനുള്ള ഭേദഗതിയാണ് വരുത്തുന്നത്. വാക്സിനുകള്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്നും ഈ നിയമം സംരക്ഷിക്കും.
ഈ വര്‍ഷം വാക്സിന് ലഭ്യമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ കൂടുതല്‍ ഉറപ്പോടെയാണ് ട്രംപ് ഇക്കാര്യം പറ്ഞത്. ”നമുക്ക് ഈ വര്‍ഷം സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭിക്കും, നാം ഒരുമിച്ച് വൈറസിനെ ഇല്ലാതാക്കും,” വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റിപ്പബ്ലിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം സ്വീകരിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.എന്നിരുന്നാലും, യുഎസിന്റെയും യുകെയുടെയും പദ്ധതികള്‍ വാക്സിന് ക്ലിനിക്കല്‍ ട്രയലുകളിലൊന്നെങ്കിലും പൂര്‍ത്തിയാകുന്നതിനെ ആശ്രയിച്ചിരിക്കും, മാത്രമല്ല അതിന്റെ ഫലങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണം. നിലവില്‍, മിക്ക വാക്സിന് നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നം അടുത്ത വര്‍ഷം ആദ്യം തയ്യാറാകാന്‍ സാധ്യതയുണ്ടെന്നാണ് വാദിക്കുന്നത്.
