കട്ടറുമായി പാത്തും പതുങ്ങിയും രാത്രികളില്‍ വീടുകളില്‍ വന്ന് മോഷ്ടിക്കും. 70കേസുകളിലെ പ്രതി. കുപ്രസിദ്ധ മോഷ്ടാവ് കട്ടര്‍ റഷീദ് പിടിയില്‍

Breaking Crime Keralam

മലപ്പുറം: . 70ഓളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കട്ടര്‍ റഷീദ് എന്ന വെള്ളാട്ടുചോല റഷീദിനെ പ്രത്യേക അന്വേഷണ സംഘം അരീക്കോട് വച്ച് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ മോഷണ കേസുകള്‍ക്കു തുമ്പായതായി പോലീസ് അറിയിച്ചു. അരീക്കോട് തെരട്ടമ്മല്‍ സ്വദേശി കളത്തിങ്ങല്‍ മുഹമ്മദാലിയുടെ വീട്ടില്‍ നിന്നു ജനല്‍ തുറന്നു ഉറങ്ങുകയായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചതു ഇയാളെന്നു വ്യക്തമായി. മോഷണ ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളുടെ കേബിളുകള്‍ മുറിച്ചു മാറ്റിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. മോഷണ സമയം വീട്ടുകാര്‍ ഉണര്‍ന്നാല്‍ ബൈക്കില്‍ തന്നെ പിന്തുടരാതിരിക്കാനാണ് ഇതു ചെയ്തതെന്നാണ് റഷീദ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഈ കവര്‍ച്ച. 70 ലധികം മോഷണ കേസിലെ പ്രതിയായ റഷീദിനെ രണ്ടാഴ്ച മുമ്പാണ് കല്പകഞ്ചേരി പോലീസ് മോഷണക്കേസില്‍ പിടികൂടിയത്. തുടര്‍ന്നു ജാമ്യത്തിലിറങ്ങി. ഒരാഴ്ച തികയുന്നതിനു മുമ്പു കോഴിക്കോട് ഓമശേരിയിലെ ഒരു വീട്ടില്‍ നിന്നു സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞു കൊടുവള്ളി ഭാഗത്തെ ഒരു വീട്ടില്‍ ജനല്‍ വഴി സ്ത്രീകളുടെ ദേഹത്തു നിന്നു ആറു പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായും തെളിഞ്ഞു. അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഓമശേരിയില്‍ നിന്നു മോഷ്ടിച്ച സ്‌കൂട്ടറും മോഷണത്തിനുള്ള കട്ടര്‍, സ്‌ക്രൂ ഡ്രൈവര്‍, കയ്യുറ എന്നിവ സഹിതം ഇയാളെ പോലീസ് പിടികൂടിയത്. 2019 നവംബറില്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ കളവ് കേസില്‍ പിടിക്കപ്പെട്ടു ഒരു മാസത്തിനുള്ളില്‍ ജാമ്യത്തിലിറങ്ങിയ റഷീദ് തൃശൂര്‍ ഭാഗത്ത് ഉള്ളി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മോഷണങ്ങള്‍ നടത്തി വന്നിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുന്നതിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കും മറ്റുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി.സി ഹരിദാസന്റെ നിര്‍ദേശ പ്രകാരം പാണ്ടിക്കാട് ഇന്‍സ്പക്ടര്‍ മുഹമ്മദ് ഹനീഫ, അരീക്കോട് എസ്‌ഐ നാസര്‍, എസ്‌ഐമാരായ വിജയന്‍, അമ്മദ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *