ശഹ്മ സലാം
മലപ്പുറം
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പച്ചപ്പുകൊണ്ടും, പുഴകള്‍കൊണ്ടും സമൃദ്ധമായിരുന്നു. എന്നാല്‍ പ്രകൃതി ചൂഷണവും നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും കയ്യേറികൊണ്ടുള്ള നിര്‍മ്മിതികളും ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ച്ചകളുമാണ് കേരളത്തിലങ്ങോള മിങ്ങോളം കണ്ടുവരുന്നത്.ജീവജാലങ്ങളുടെ നിലനില്‍പ്പും പ്രകൃതിയുടെ സുരക്ഷയും കണക്കിലെടുക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളുംകൊണ്ട് കേരളത്തെ രണ്ടുതവണ പ്രളയത്തില്‍ മുക്കിയെടുത്തു.. ഈ രണ്ട് പ്രളയവും കേരളത്തിന് താങ്ങാന്‍ കഴിയാത്ത നഷ്ടങ്ങളാണ് വിതച്ചത്. പ്രളയം കാര്‍ന്നുതിന്ന കേരളത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ഹരിതകേരളം മിഷന്. ഇതിനായി ജൈവവൈവിധ്യത്തിന്റെ പുന:സ്ഥാപനവും പ്രകൃതി സംരക്ഷണവും കണക്കിലെടുത്തുകൊണ്ടുള്ള എല്ലാ മേഖലയിലെയും സുസ്ഥിര വികസനമാണ് ഇന്ന് ഈ പദ്ധതിയിലൂടെ കേരളത്തിലുടനീളം ലക്ഷ്യമിട്ടുവരുന്നത്… ഇതിന്റെ ഭാഗമായി ഹരിതകേരളം മിഷന് ജന പങ്കാളിത്തത്തോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു കര്മ്മപരിപാടിയായിക്കൊണ്ട് ലക്ഷ്യമിട്ട പദ്ധതിയാണ് പച്ചത്തുരുത്ത്… സംസ്ഥാനത്തുടനീളം ഒഴുഞ്ഞുകിടക്കുന്ന പൊതു സ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയിലും വിവിധയിനം സസ്യങ്ങള്‍ വെച്ച് പിടിപ്പിച്ച് ജൈവവൈവിധ്യത്തിന്റെ കുഞ്ഞുവനങ്ങള് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചുവടക്കുന്നത്. പച്ചതുരുത്തുകള്‍ സാക്ഷാത്കരിക്കുന്നതിനു പിന്നില്‍ ഹരിതകേരളം മിഷന്, ജൈവവൈവിധ്യ ബോര്‍ഡ്, തൊഴിലുറപ്പ്, സോഷ്യല്‍ ഫോറസ്ട്രി, വനം വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ സംയുതമായ പരിശ്രമവും, ഇടപെടലുകളും കാണാന്‍ സാധിക്കും.
കേരളം വലിയതോതില്‍ മഴലഭിക്കുന്ന സംസ്ഥാനമായിട്ടുപോലും ജലലഭ്യതയുടെ കാര്യത്തില്‍ പിന്നിലാണ്.. എന്നിരുന്നാലും ഈ വലിയ പരിമിതിയെ മറികടന്നുകൊണ്ട് ഭൂലഭ്യത കുറഞ്ഞ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്രദേ ശങ്ങളെ വ്യക്തമായി നിരീക്ഷിച്ചു പച്ചത്തുരുത്തിനായി അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നത്. സ്ഥലത്തെ പച്ചത്തുരുത്തിന്റെ അനുയോജ്യത, വളരാനുള്ള സാധ്യത, തുടര്‍ പരിപാലനം തുടങ്ങീ കാര്യങ്ങള്‍ മനസ്സിലാക്കി പ്രാദേശികതലത്തില്‍ പച്ചത്തുരുത്ത് സംഘടക സമിതി രൂപീകരിച്ചിട്ടുണ്ട്..
സംസ്ഥാനത്ത് നിലവില്‍ 454 ഏക്കര്‍ വിസ്തൃതിയില്‍ 1261 പച്ചത്തുരുത്തുകള്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.. ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം നാല്‍പ്പതോളം പച്ചത്തുരുത്തുകള്‍. ഈ
പച്ചത്തുരുത്തുകളിലൂടെയെല്ലാം നമ്മുടെ കേരളത്തെ കാര്‍ബന്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് ചുവടുവെച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ചെറുവനം (പച്ചത്തുരുത്ത്) ആയി പ്രഖ്യാപിച്ചത് തിരുവനതപുരം ജില്ലയിലെ പോത്തങ്ങോടുള്ള വേങ്ങോടിയിലാണ്.. ഇവിടെയാണ് കേരളത്തിലെ അപൂര്‍വ്വയിനം ഔഷാധ സസ്യങ്ങളടങ്ങിയ പച്ചത്തുരുത്തായി പ്രഖ്യാപിച്ചത്…
ചിലയിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ മുളകള്‍ മാത്രമുള്ളതും, കായല്‍, കടലോള മേഖലയില്‍ കണ്ടല്‍ ചെടികളും അനുബന്ധ ചെറുവൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തുകളാണ്. കൂടാതെ സംരക്ഷണമില്ലാതെ കിടക്കുന്ന കാടുകളെ വിപുലീകരിച്ചുകൊണ്ട് ഒരു പുതിയ പച്ചത്തുരുത്തായി സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ ആലപ്പുഴ ജില്ലയിലെ കുമരകത്തെ കണ്ടല്‍ ചെടികളുടെ പച്ചത്തുരുത്ത് മത്സ്യ സമ്പത്തിന് ഗുണകരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നതില്‍ ഏറെ സന്തോഷം നല്കുന്നു.. ഇങ്ങനെ ഈ വര്‍ഷത്തില്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ വലിയൊരു മാറ്റം പച്ചത്തുരുത്തുകളിലൂടെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ പച്ചത്തുരുത്തുകളുടെ പ്രവര്‍ത്തനം ഓരോ ജില്ലയിലും നടന്നുവരുന്നുണ്ട്.. ഐടി മിഷന്റെയും ഹരിതകേരളം മിഷന്റെയും സഹായത്തോടെ ഇന്ന് പച്ചത്തുരുത്തുകളുടെ മാപ്പിങ് നടന്നു വരുന്നുണ്ട്. പ്രകൃതിയുടെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതില്‍ പച്ചത്തുരുത്തുകള്‍ ഒരു മുതല്ക്കൂട്ടായിമാറും എന്ന കാര്യത്തില്‍ സംശയമില്ല.