കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് തയ്യാറാക്കുന്നു

Keralam

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്തു പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാക്കേജ്.
കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്‍കുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞസര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പുതിയ പാക്കേജിന്റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്കാണ് പരിഹാരമുണ്ടാക്കുന്നത്.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ഗതാഗത സേവനങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സര്‍ക്കാര്‍ ലഭ്യമാക്കും. ഇതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നല്‍കും. കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *