ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ സര്‍ക്കാര്‍ തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നു മുതലാണ് ഇവ പ്രവര്‍ത്തനമാരംഭിക്കുന്നത്. കോവിഡ് വന്നതിനു ശേഷം സംസ്ഥാനത്തെ ടൂറിസം മേഘല പൂര്‍ണമായും നിലച്ചിരുന്നു. ഇത് പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍.
ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്തു മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പുരവഞ്ചികള്‍, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് ഒക്ടോബര്‍ പത്തിന് പുനരാരംഭിച്ചത്. അതിനാല്‍ തന്നെ സാമൂഹ്യഅകലം, മാസ്ക്, സോപ്പ്-സാനിറ്റൈസര്‍ എന്നിവയടങ്ങിയ എസ്എംഎസ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ എളുപ്പമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായി.
പ്രകൃതി ഭംഗി, നല്ല വെള്ളം, വൃത്തി എന്നിവ കൊണ്ട് കേരളത്തിലെ കടല്‍ത്തീരങ്ങള്‍ എന്നും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ടൂറിസം സീസണ് ആരംഭിക്കാന്‍ പോകുന്ന വേളയിലാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളമടക്കമുള്ള ബീച്ചുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പുനരാരംഭിച്ച ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണം ആശാവഹമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ഈ കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ടൂറിസം രംഗത്തെ എല്ലാ പങ്കാളികളും പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ടൂറിസ്റ്റുകളും ഇത് പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു.