മികവിന്റെ കേന്ദ്രങ്ങളായി 125 പൊതു വിദ്യാലയങ്ങള്‍ കൂടി; കേരളത്തിന് അഭിമാന നേട്ടം

Keralam

കേരളത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിദ്യാഭ്യാസ മേഖല. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 79 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും ഇന്ന് നിര്‍വഹിക്കും.

മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങള്‍ സ്‌കൂളുകള്‍ക്കായി ഒറ്റയടിക്ക് നിര്‍മിക്കപ്പെടുന്ന സംസ്ഥാനത്ത് ആദ്യമായാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ നാലരക്കൊല്ല ഘട്ടത്തില്‍ നമ്മുടെ ക്ലാസ്മുറികള്‍ ഹൈടെക്കാവുന്നു. ലാബുകള്‍ നവീകരിക്കപ്പെടുന്നു. അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുന്നു. അകന്നുപോയ ലക്ഷകണക്കിനു കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാവുന്നു. അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കളില്‍ അഭൂതപൂര്‍വമായ ആവേശം അലയടിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ വിജയം നാളെയുടെ മുതല്‍ക്കൂട്ടാണ്. കേരളത്തിന്റെ ശോഭനമായ ഭാവിയുടെ അടിത്തറയാണ് ഇതിലൂടെ നമ്മള്‍ നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *