നാലര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 1,63,610 പട്ടയം നല്‍കാനായി -മുഖ്യമന്ത്രി

Keralam

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇതിനകം 1,63,610 പട്ടയം വിതരണം നടത്താനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും പട്ടയങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനവും അഞ്ചു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും 6526 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസുകള്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഇതിനകം നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിച്ചത്. ഇപ്പോള്‍ അഞ്ചു സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യുകയും 159 എണ്ണത്തിന്റെ നിര്‍മാണത്തിന് തുടക്കമാകുകയുമാണ്. ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും. ഏതാനും മാസത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും.

റവന്യൂ വകുപ്പിന്റെ വികസനത്തിന്റെ ഭാഗമായി മുഴുവന്‍ ഓഫീസുകളും കടലാസുരഹിതമാക്കുന്നതിന്റെ ആദ്യപടിയായി താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, റവന്യൂ ഓഫീസ് എന്നിടങ്ങളില്‍ പദ്ധതി ആരംഭിച്ചു. റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന് തുടക്കമിട്ടു. പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന 25 ഇനം സര്‍ഫിക്കറ്റുകള്‍ ഇ- ഡിസ്ട്രിക്ട് ആപ്പ് വഴി ഓണ്‍ലൈന്‍ ആയാണ് നല്‍കുന്നത്. സംസ്ഥാനത്ത് 1644 വില്ലേജുകളില്‍ പോക്കുവരവ് ഓണ്‍ലൈന്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കി. 1218 വില്ലേജുകളില്‍ ഈപോസ് മെഷീന്‍ സ്ഥാപിച്ചു. ഇതിലൂടെ കറന്‍സിരഹിതമായി പണം സ്വീകരിക്കുന്ന രീതി നിലവില്‍ വന്നു. ശേഷിക്കുന്ന വില്ലേജുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *