നായകനായ അബൂസലീമിനെ അറിയാം..

Entertainment Keralam

വില്ലനും കോമിഡിയും മാത്രം അവതരിപ്പിച്ച അബൂസലീമല്ല ഇത്. നായകനായ അബൂസലീമാണിത്.
അടുത്തിടെ അദ്ദേഹം നായകനായ ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങിയിരുന്നു. ‘ദി ഷോക്ക്’ എന്ന പേരിലിറങ്ങിയ ആ ഹ്രസ്വ ചിത്രം കണ്ട ശേഷം നടന്‍ ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഇന്ന് ഒരു ഹൃസ്വചിത്രം കണ്ടു, ‘ദി ഷോക്ക്’. ശരിക്കും ഷോക്ക് ആയിപോയി, ഒന്നാമത്തേത് അബു സലിം എന്ന നടന്‍ തന്നെ. നമ്മള്‍ എത്രയോ സിനിമകളിലൂടെ ഈയാളെ കണ്ടിട്ടുണ്ട്. വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയില്‍നിന്നും വാരിക്കോരി അടിവാങ്ങുന്ന നടന്‍. അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രന്‍ വയനാട് ഈ ചിത്രത്തിലൂടെ.
ഈ സംവിധായകനെ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. വന്നും പോയും, ഇപ്പോള്‍ ഉള്ളവരുമായ നല്ല പ്രതിഭാശാലികളായ എതു സംവിധായകരോടൊപ്പം നിര്‍ത്താന്‍ പറ്റിയ ഒരു കലാകാരന്‍. മൂന്നാമത്തെ ഷോക്ക്, ഇതിലെ ഇതിവൃത്തം തന്നെ. കണ്ണുകള്‍ ഈറനണിയാതെ കാണാന്‍ പറ്റാത്തരീതിയില്‍ കഥയെ അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യ മായ ഒരു ഷോട്ട് പോലുമില്ല. ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുറെ നല്ല അഭിനേതാക്കള്‍. മനോഹരമായിത്തന്നെ അവര്‍ തിളങ്ങി.
നാലാമത്തെ ഷോക്ക്. കഥ അവസാനിക്കുന്നിടത്തു ഒരു ഗാനമുപയോഗിച്ചു നമ്മളെ ഇരുത്തിക്കളഞ്ഞു. കഥ കഴിഞ്ഞാലും കുറച്ചു നേരം കൂടി സ്‌ക്രീനില്‍ തന്നെ നോക്കിയിരുന്നു പോയി ഞാന്‍. മനോഹരമായ ഗാനം, അര്‍ത്ഥവത്തായ വരികള്‍, പശ്ചാത്തല സംഗീതം. അതിലൂടെ പറയാന്‍ ഉദ്ദേശിച്ച ആ വലിയ സന്ദേശം ബലവത്തായിത്തന്നെ കാഴ്ചക്കാരിലെത്തുന്നു. ഛായാഗ്രഹണം അതിമനോഹരമായിരിക്കുന്നു
അവസാനം പുഴ ചോദിക്കുന്നതും പറയുന്നതും അപേക്ഷിക്കുന്നതും ഇതാണ്, നമ്മള്‍ മനുഷ്യരോട്.
‘എന്റെ വഴി നിങ്ങള്‍ തടയരുത്… തടഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ വഴിയേ സഞ്ചരിക്കേണ്ടിവരും. അമ്മയുടെ മണമാണ് മണ്ണിനു, മണ്ണിനെ സ്‌നേഹിക്കുക’, ദേവന്‍ കുറിച്ചിരിക്കുകയാണ്.
പ്രകൃതി ചൂഷണത്തിനെതിരെയാണ് ശരത്ചന്ദ്രന്‍ ‘ദി ഷോക്ക്’ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ഒരു പരിധി വരെ മനുഷ്യര്‍ തന്നെയാണ് കാരണം. പ്രകൃതിയിലെ പല ദുരന്തങ്ങള്‍ കാഴ്ചക്കാര്‍ക്ക് ആഘോഷമാകുമ്പോള്‍ അതിന്റെ കാഠിന്യം അനുഭവിക്കുന്നവര്‍ക്ക്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് അതു ഒരിക്കലും മറക്കാനാകാത്ത മുറിവായി മാറും എന്നാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.
പ്രകൃതി ദുരന്തം വലിയ രീതിയില്‍ ബാധിച്ച വയനാട് പശ്ചാത്തലമാക്കി ശരത്ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ദി ഷോക്ക്’. എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുനീര്‍ ടി കെ, റഷീദ് എം പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോള്‍ ബത്തേരി നിര്‍വ്വഹിക്കുന്നു.

ദേവന്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് പൂര്‍ണ്ണരൂപം വായിക്കാം

പിറന്ന മണ്ണില്‍ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓര്‍മ്മകള്‍ അലിഞ്ഞു ചേര്‍ന്ന ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ‘ ദി ഷോക്ക്’ എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. വയനാടിന്റെ പ്രിയ താരവും നടനുമായ അബു സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒപ്പം അമേയ, ധനേഷ് ദാമോദര്‍, റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്, ഷീന നമ്പ്യാര്‍, മുനീര്‍, സിന്‍സി, മുസ്തഫ, ഷാജി,മാരാര്‍, ജയരാജ് മുട്ടില്‍ എന്നിവരും അഭിനയിക്കുന്നു.ഷീമ മഞ്ചാന്റെ വരികള്‍ക്ക് കുഞ്ഞിമുഹമ്മദ് ഈണം പകര്‍ന്ന ഒരു ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. അതി ജീവനത്തിന്റെ ഈ കാലത്ത് ഇനിയൊരു പ്രകൃതി ദുരന്തം കൂടി നമ്മുടെ നാടിനെ കീഴ്‌പ്പെടുത്താതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തിന് നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് ‘ദി ഷോക്ക്’ പറയുന്നത്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹീര്‍ മട്ടാഞ്ചേരി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *