കോവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍

Keralam

തിരുവനന്തപുരം: കൊവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തി പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പിഴത്തുക കുത്തനെ ഉയര്‍ത്തുന്നതിലൂടെ നിയമലംഘനം കുറയുമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നുമുള്ള കണക്കുകൂട്ടലിന്മേലാണ് തീരുമാനം.മാസ്‌ക് ധരിക്കാത്തവര്‍ക്കും നിരത്തില്‍ തുപ്പുന്നവര്‍ക്കും 500 രൂപ പിഴ ചുമത്തും.വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തില്‍ നിന്ന് അയ്യായിരമായി ഉയര്‍ത്തി.

പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയില്‍ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്നും സര്‍ക്കാര്‍ കരുതുന്നു. മാസ്‌ക്കോ മുഖാവരണമോ ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപയാണ് പുതുക്കിയ പിഴ. പൊതു നിരത്തില്‍ തുപ്പിയാലും 500 രൂപ ഫൈനടിക്കും. ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കും.

വിവാഹച്ചടങ്ങില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ 5000 രൂപ പിഴ ഈടാക്കും. ആയിരത്തില്‍ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയര്‍ത്തിയത്.മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളില്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കടകളുടെ മുന്‍പില്‍ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കില്‍ 3000 രൂപയും നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസോ തുറന്നാല്‍ 2000 രൂപയുമാണ് പിഴ. ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാല്‍ 5000, ക്വാറന്റീന്‍ ലംഘനത്തിന് 2000, ലോക്ക് ഡൗണ്‍ ലംഘനത്തിനും രോഗവ്യാപന മേഖലകളില്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *