യു.എ.പി.എ ചുമത്തി യു.പി സര്‍ക്കാര്‍ ജയിലിലടച്ച മാധ്യമ പ്രവര്ത്തന് സിദ്ദീഖ് കാപ്പന്റെ മോചനത്തിനു ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നിട്ടിറങ്ങാത്തതിന്റെ കാരണം സിദ്ദീഖിനു മേല്‍ ചുമത്തപ്പെട്ട പോപുലര്‍ ഫ്രണ്ട് മുദ്രയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഈ മുദ്ര കേരള ഭരണകൂടത്തിന് മാത്രമല്ല പ്രശ്നം ആകുന്നത്, പൊതുബോധത്തിനൊന്നാകെയുണ്ട് ഈ പ്രശ്നം. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ആ പൊതുബോധത്തില്‍ നിന്ന് വിമുക്തരല്ലെന്നും ശ്രീജ നെയ്യാറ്റിന്‍കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രണ്ടാഴ്ചയായി സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സമിതിയുടെ ഭാരവാഹി എന്ന നിലയില്‍ ധര്‍ണ്ണയുടെ സംഘാടനത്തിലായിരുന്ന ഞാന്‍ എത്ര മനുഷ്യരുടെ ആശങ്കകള്‍ക്ക് മറുപടി പറയേണ്ടി വന്നു എന്നതിന് കണക്കില്ല. ‘ശ്രീജയ്ക്ക് വേറെ പണിയില്ലേ’ എന്ന് വരെ ചോദിച്ചവരുണ്ട് കൂട്ടുകാരുടെ കൂട്ടത്തില്‍. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന് ആരുടേയും തിട്ടൂരങ്ങള്‍ക്ക് കഴിയില്ല, പൊതുബോധത്തിനൊപ്പം സഞ്ചരിക്കാനല്ല ശീലിച്ചിട്ടുള്ളത് എന്നതു കൊണ്ട് തന്നെ പൊതുബോധം ഉത്പാദിപ്പിച്ചു വിടുന്ന ഭയങ്ങള്‍ സ്വാധീനിക്കാറേയില്ലെന്നും ശ്രീജ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിദ്ദിഖ് കാപ്പനെന്ന പാവം മനുഷ്യന്റെ, മാധ്യമ പ്രവര്‍ത്തകന്റെ നീതിക്കായൊരു വാക്ക് മിണ്ടാന്‍ അഥവാ യു പി സര്‍ക്കാരിനോട് ഒരു രാഷ്ട്രീയ പ്രസ്താവന നടത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തതിന് കാരണം ഒന്നേയുള്ളൂ അത് സിദ്ദിഖ് കാപ്പന്റെ മേല്‍ യു പി പോലീസ് പതിച്ചിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് മുദ്രയാണ് … ഈ മുദ്ര കേരള ഭരണകൂടത്തിന് മാത്രമല്ല പ്രശ്നം ആകുന്നതും പൊതുബോധത്തിനൊന്നാകെയുണ്ട് പ്രശ്നം .. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ആ പൊതുബോധത്തില്‍ നിന്ന് വിമുക്തരല്ല… നിയമസഭയില്‍ ചോദ്യം ചോദിക്കുന്നത് പോലെ എളുപ്പമല്ല സിദ്ദിഖ് കാപ്പന്റെ ഭാര്യയും മക്കളും ധര്‍ണ്ണയിരിക്കുന്ന സമരപന്തലില്‍ വന്നൊരു ഐക്യദാര്‍ഢ്യം നല്കാന്… ഭരണപക്ഷത്ത് നിന്നാരും ആ വഴിക്ക് വരില്ല എന്നറിയാം … എന്നാല്‍ ഭരണപക്ഷത്തോട് എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യം ഉന്നയിച്ച മുസ്ലിം. ലീഗില്‍ നിന്നൊരാളെങ്കിലും എന്തു കൊണ്ട് ആ ധര്‍ണ്ണയില്‍ വന്ന് കാപ്പന്റെ ഭാര്യയേയും മക്കളേയും കണ്ടില്ല? ഞങ്ങള്‍ ഒപ്പമുണ്ട് എന്നൊരു വാക്ക് അവരോട് പറഞ്ഞില്ല? സിദ്ദിഖ് കാപ്പന്റെ മണ്ഡലത്തിലെ എം എല്‍ എ കെ എന്‍ എ ഖാദര്‍ പങ്കെടുക്കും എന്ന് പറഞ്ഞിരുന്നതാണ് എന്തുകൊണ്ട് അദ്ദേഹം റൈഹാനത്തിന്റെയോ സംഘാടകരുടെയോ ഫോണ്‍ കാള്‍ പോലും പിന്നീട് അറ്റന്‍ഡ് ചെയ്യാതിരുന്നു…? കോണ്‍ഗ്രസില്‍ നിന്നൊരു ജനപ്രതിനിധി പോലും എന്തുകൊണ്ട് സമരപന്തലില്‍ എത്തിയില്ല? വി ഡി സതീശന് വരാമെന്നേറ്റിരുന്നെങ്കിലും അവസാന നിമിഷം എത്തിയില്ല …. സഭയാണ് എന്ന സാങ്കേതികത്വം പറയാമെങ്കിലും ആ പറച്ചിലില്‍ ആത്മാര്‍ത്ഥത ഉണ്ടോ എന്ന് സ്വയം പരിശോധിച്ചു നോക്കണം… മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് ധര്‍ണ്ണയില്‍ പങ്കെടുത്തത് …
കാപ്പന്റെ ഭാര്യയില്‍ നിന്ന് നിവേദനം വാങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി ഇടപെടും എന്നുറപ്പു നല്കിയ നേതാവാണ് രാഹുല്‍ ഗാന്ധി ഈ നിമിഷം വരെ പ്രിയങ്ക ഒരു പ്രസ്താവന നടത്തിപ്പോലും പ്രതികരിച്ചിട്ടില്ല… അതിനെക്കുറിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ മിണ്ടീട്ടു തന്നെയില്ല…. പറഞ്ഞു വന്നത് കേരള ഭരണകൂടത്തിന് മാത്രമല്ല നിയമസഭയില്‍ കാപ്പന്റെ വിഷയം ഉയര്‍ത്തിയ പ്രതിപക്ഷത്തിനും സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി പറഞ്ഞ പരിമിതികളുണ്ടെന്നു സാരം
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് നിര്‍ഭയത്വം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ …. ആ നിര്‍ഭയത്വം ഇന്നലെ കണ്ടത് എന്‍ കെ പ്രേമ ചന്ദ്രന് എം പിയിലാണ് … 11 മണിക്ക് ധര്‍ണ്ണ ഉദ്ഘാടനം എന്നുള്ളിടത്ത് പത്തേ മുക്കാലിന് തന്നെ സമരപന്തലില്‍ എത്തി കാപ്പന്റെ ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം നല്കിയ പിന്തുണ… സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പരിമിതികളൊന്നുമില്ലാതെ വിളിച്ചു പറഞ്ഞു കൊണ്ടുള്ള
അദ്ദേഹത്തിന്റെ കൃത്യമായ,നിര്‍ഭയത്വത്തോടെയുള്ള പ്രഭാഷണം … അഭിനന്ദനാര്‍ഹം തന്നെയാണത്….
സിദ്ദിഖ് കാപ്പന് വിഷയത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന് എടുത്ത നിലപാട് പറയാതിരിക്കാന്‍ വയ്യ… സിദ്ദിഖ് കാപ്പനെ യു പി പോലീസ് തട്ടിക്കൊണ്ടു പോയത് മുതല്‍ ആ കേസ് ഏറ്റെടുത്ത് നടത്തുന്നത് പത്ര പ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം ആണ് … സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സമിതി നടത്തുന്ന എല്ലാ ഇടപെടലുകള്‍ക്കും കേരള പത്ര പ്രവര്‍ത്തക യൂണിയന് ഒപ്പമുണ്ട്…. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ പിന്തുണയോടെയാണ് ഇന്നലെ
സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സമിതി ധര്‍ണ്ണ സംഘടിപ്പിച്ചത് .. യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ പി റെജിയുടെ സാന്നിധ്യം ധര്‍ണ്ണയുടെ തുടക്കം മുതല്‍ അവസാനം വരെ സമര പന്തലില്‍ ഉണ്ടായിരുന്നു എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു ….
രണ്ടാഴ്ചയായി സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സമിതിയുടെ ഭാരവാഹി എന്ന നിലയില്‍ ധര്‍ണ്ണയുടെ സംഘാടനത്തിലായിരുന്ന ഞാന്‍ എത്ര മനുഷ്യരുടെ ആശങ്കകള്‍ക്ക് മറുപടി പറയേണ്ടി വന്നു എന്നതിന് കണക്കില്ല…. ‘ശ്രീജയ്ക്ക് വേറെ പണിയില്ലേ’ എന്ന് വരെ ചോദിച്ചവരുണ്ട് കൂട്ടുകാരുടെ കൂട്ടത്തില്‍ …. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന് ആരുടേയും തിട്ടൂരങ്ങള്‍ക്ക് കഴിയില്ല എന്ന് മാത്രം പറയുന്നു …. പൊതുബോധത്തിനൊപ്പം സഞ്ചരിക്കാനല്ല ശീലിച്ചിട്ടുള്ളത് എന്നതു കൊണ്ട് തന്നെ പൊതുബോധം ഉത്പാദിപ്പിച്ചു വിടുന്ന ഭയങ്ങള്‍ സ്വാധീനിക്കാറേയില്ല ….
ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം നല്കി കൂടെ നിന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി മനുഷ്യരുണ്ട് അതില്‍ എടുത്ത് പറയേണ്ട ഒരാള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ബി ആര് പി ഭാസ്കര്‍ ആണ്…. അനാരോഗ്യം കാരണം ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അദ്ദേഹം ഐക്യദാര്‍ഢ്യ
സന്ദേശത്തിലൂടെ ധര്‍ണ്ണയുടെ ഭാഗമാകുകയായിരുന്നു … ആ സന്ദേശം കാപ്പന്റെ കുടുംബത്തിന് പകര്‍ന്ന ധൈര്യം ചെറുതല്ല
പിന്തുണച്ചവര്‍ക്ക് … ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ക്ക് …. മാധ്യമ പ്രവര്‍ത്തകര്‍ക്ക് … എല്ലാവര്ക്കും അഭിവാദ്യങ്ങള്‍….
സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും വരെ ഈ പോരാട്ടം തുടരും ….
ഫാസിസത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ഭാര്യയേയും അദ്ദേഹത്തിന്റെ മൂന്ന് കുരുന്നുകളേയും ചേര്‍ത്ത് പിടിക്കുക എന്നത് നമ്മള് ആ കുടുംബത്തോട് ചെയ്യുന്ന ഔദാര്യമല്ല നമ്മുടെ ബാധ്യതയാണ്…
മുഖ്യമന്ത്രീ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാന്‍ അങ്ങയുടെ അധികാരക്കസേരയ്ക്ക് പരിമിതിയുണ്ടാകും പക്ഷേ ആ മനുഷ്യനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ചേര്‍ത്ത് പിടിക്കാന്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ യാതൊന്നുമില്ല…
ഇത് സംഘ് പരിവാര്‍ തിമിര്‍ത്താടുന്ന ഫാസിസ്റ്റ് കാലമാണ്
നാളെ മുസ്ലിം പേരുള്ള ആരെയും ഫാസിസം റാഞ്ചിക്കൊണ്ടു പോകാം… തീവ്രവാദി എന്ന് ചാപ്പ കുത്തി ദ്രോഹിക്കാം അപ്പോഴും കേരള ഭരണകൂടം പരിമിതി എന്ന് പറഞ്ഞു കൊണ്ട് മൗനം പാലിക്കും… അങ്ങനെ മൗനം പാലിക്കുന്ന സര്‍ക്കാരിന്റെ പേരാണ് കിടു ‘ഫാസിസ്റ്റ് വിരുദ്ധ സര്‍ക്കാര്‍’ …