ഓപ്പറേഷന്‍ സ്‌ക്രീന്‍: എതിര്‍പ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍; രോഗികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യം

Keralam News

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീനിനെതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിഷയത്തില്‍ ആബുലന്‍സ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കും.

ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലന്‍സുകളില്‍ പ്രസവിക്കുന്ന ഗര്‍ഭിണികള്‍, സ്വന്തം വസ്ത്രങ്ങള്‍ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികള്‍, കോട്ടണ്‍ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവര്‍, ഇസിജി ലീഡ്സ് കണക്ട് ചെയ്തതിനാല്‍ മാറിടം വെളിവാകുന്ന രീതിയില്‍ പോകുന്ന ഹൃദ്രോഗികള്‍ തുടങ്ങി രോഗികളുടെ നഗ്നത വെളിവാകുന്ന ഘട്ടങ്ങളാണ് പലപ്പോഴും ആംബുലന്‍സുകളിലുള്ളത്. അതിനാല്‍ ആംബുലന്‍സുകളിലെ കര്‍ട്ടണ്‍, കൂളിംഗ് ഫിലിമുകള്‍ നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിഷയത്തില്‍ ഇതിനോടകം മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇതിനോടകം എല്ലാ അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൂള്‍ ഫീലിം, കര്‍ട്ടണ്‍ എന്നിവ മാറ്റാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടം ഇവരില്‍ നിന്ന് പിഴ ഈടക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്ന് മോട്ടോര്‍ വാഹന മുന്നറിയിപ്പ് നല്‍കിയാതായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *