മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

Keralam News

കോഴിക്കോട്: എസ്. ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡി.സി ബുക്‌സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അതേസമയം ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യപുരസ്‌കാരം എസ്. ഹരീഷിന്റെ ‘മീശ’ നോവലിനായിരുന്നു. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *