അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു

Keralam News

കൊച്ചി: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് തിരിതെളിഞ്ഞു . പ്രധാന വേദിയായ സരിത തീയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ മേള ഉദ്ഘാടനം ചെയ്തു. രാജ്യാന്തര ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് മലയാള സിനിമയിലെ 24 പ്രതിഭകള്‍ക്ക് ദീപം പകര്‍ന്നു നല്‍കി.
മേയര്‍ എം അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശന കര്‍മ്മം ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് നല്‍കികൊണ്ട് എം. സ്വരാജ് എം എല്‍ എ നിര്‍വഹിച്ചു .ചലച്ചിത്ര മേളയുടെ ചരിത്രം അടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടന കര്‍മ്മം എം എല്‍ എ കെ. ജി മാക്സി നിര്‍വഹിച്ചു .മേളയുടെ രജത ജൂബലി സ്മരണാര്‍ത്ഥം പുറത്തിറക്കിയ കപ്പ് ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ അമ്മ ജനറല്‍ സെക്രട്ടറി ബാബുവിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ചലച്ചിത്ര താരം മോഹന്‍ലാല്‍ വീഡിയോയിലൂടെ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. ജയരാജ് ആല്‍വിന്‍ ആന്റണി,സിയ്യാദ് കോക്കര്‍ , എം ഗോപിനാഥ് അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ സ്വാഗതവും സജിത മഠത്തില്‍ നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിച്ചു. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി.

Leave a Reply

Your email address will not be published. Required fields are marked *