സ്ഥിരപ്പെടുത്തല്‍ നടപടി നിര്‍ത്താന്‍ തീരുമാനിച്ചത് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനാല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Keralam News

സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതു തടയാനാണ് ഇനിയുള്ള താത്കാലിക ജീവനക്കാരെ ഇപ്പോള്‍ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സദുദ്ദേശ്യത്തോടെ മാത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സാന്ത്വന സ്പര്‍ശം അദാലത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കുവേണ്ടി സത്യസന്ധമായ പ്രവര്‍ത്തനമാണ് ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഇതിനോടകം സ്ഥിരപ്പെടുത്തിയ താത്കാലിക ജീവനക്കാരില്‍ 80 ശതമാനവും മുന്‍ സര്‍ക്കാരിന്റെ കാലത്തു ജോലിയില്‍ പ്രവേശിച്ചവരാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുത്തപ്പോള്‍ അവരുടെ രാഷ്ട്രീയമോ ജോലിയില്‍ കയറിയ കാലമോ ഒന്നും സര്‍ക്കാര്‍ നോക്കിയിട്ടില്ല. ചെറിയ ശമ്പളത്തിന് പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ താല്‍ക്കാലിക ജോലി ചെയ്തവരെ മനുഷ്യത്തപരമായി സഹായിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.അത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഏത് സര്‍ക്കാരും ചെയ്യുന്നതാണന്നും മന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ജോലി ലഭിക്കില്ല എന്നത് സമര നാടകങ്ങള്‍ നടത്തുന്നവര്‍ക്കും കൃത്യമായി അറിയാവുന്നതാണ്. നന്മചെയ്യുന്ന സര്‍ക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്നും പക്ഷേ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്തുന്നവരാണന്നും സംസ്ഥാന സര്‍ക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പിന്തുണ എന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *