നാലേമുക്കാല്‍ വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഊര്‍ജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

Keralam News

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഊര്‍ജ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പുഗലൂര്‍ – തൃശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, കാസര്‍കോട്ടെ 50 മെഗാവാട്ട് സോളാര്‍ പദ്ധതി, അരുവിക്കരയിലെ 75 എംഎല്‍ഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന സംയോജിത നിര്‍ദേശക – നിയന്ത്രണ കേന്ദ്രത്തിന്റെയും 37 കിലോമീറ്റര്‍ നഗര റോഡുകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെയും ശിലാസ്ഥാപന ചടങ്ങിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഗലൂര്‍ – തൃശൂര്‍ ഹൈവോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ പദ്ധതിയുടെ ഭാഗമായി 2000 മെഗാവാട്ട് പദ്ധതി 2017ലാണു നിര്‍മാണം തുടങ്ങിയത്. പദ്ധതിയുടെ പേരില്‍ നഷ്ടമുണ്ടായവര്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കി. അധിക ബാധ്യത സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും ഏറ്റെടുത്തു. പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തി. ഈ രീതിയിലാണ് 4000 കോടിയോളം നിര്‍മാണച്ചെലവുള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. കാസര്‍കോഡ് സോളാര്‍ പാര്‍ക്കില്‍ 50 മെഗാവാട്ട് വൈദ്യുതി ശേഷി 2018ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പടിപടിയായി 50 മെഗാവാട്ട് നിലയംകൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അരുവിക്കരയില്‍ ജലശുദ്ധീകരണശാല പ്രവര്‍ത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ 10 ലക്ഷത്തോളം ആളുകള്‍ക്ക് ഇപ്പോഴുള്ള പ്രതിദിന ജലലഭ്യത 100 ലിറ്ററില്‍നിന്നു 150 ലിറ്ററായി ഉയര്‍ത്താനാകും. 13 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ നല്‍കാന്‍ കഴിഞ്ഞു. 21,42,000 ഗ്രാമീണ കുടുംബങ്ങള്‍ക്കു പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിക്കു തുടക്കംകുറിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് 1135 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നത്. ഇതില്‍ 94 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 37 കിലോമീറ്റര്‍ റോഡ് 427 കോടി രൂപ ചെലവിട്ട് സ്മാര്‍ട്ട് റോഡുകളാക്കും. നടപ്പാതയും സൈക്കിള്‍ ട്രാക്കുമൊക്കെ ഉള്‍ക്കൊള്ളിച്ച് റോഡുകള്‍ കൂടുതല്‍ സൗകര്യമുള്ളതാക്കാനും സിസിടിവികള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുമാണു ലക്ഷ്യമിടുന്നത്. വൈദ്യുതി, കുടിവെള്ളം, ഗതാഗതം, സര്‍ക്കാര്‍ സേവനങ്ങള്‍, അധികാര വികേന്ദ്രീകരണം തുടങ്ങി നിരവധി മേഖലകളില്‍ ഗുണകരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *