കായികരംഗത്തെ പ്രമുഖരുമായി ആശയവിനിമയം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Keralam News

നവകേരള നിര്‍മാണത്തിന് നിര്‍ദേശങ്ങളുമായി കായികരംഗത്തെ പ്രമുഖര്‍. കായികമേഖലയിലുള്ളവരുമായുള്ള സംവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട വ്യവസായ-കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ മറുപടി പറഞ്ഞു.
കായികരംഗത്ത് അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് സ്ഥാപനങ്ങളുടെ ആസ്തികളും കായിക സാമഗ്രികളും പരിപാലിക്കുന്നതിന് പ്രത്യേക കോര്‍പറേഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. നല്ല പരിശീലകരെ കണ്ടെത്തി കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കും.
സ്‌കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ നടപടിയെടുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിലും വ്യാപിപ്പിക്കും. അതത് തദ്ദേശസ്ഥാപനങ്ങളിലെ കായികസ്ഥാപനങ്ങള്‍ക്ക് ഈ ഏജന്‍സിയുമായി ബന്ധപ്പെടാനാകും. ഇത്തരത്തില്‍ മികച്ച കായികതാരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമാകും.
നാലരവര്‍ഷത്തിനിടെ 43 മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയങ്ങളാണ് കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നത്. 33 നീന്തല്‍കുളങ്ങളും സജ്ജമാകുകയാണ്. ജില്ലാ തലത്തില്‍ സിന്തറ്റിക് ട്രാക്ക് ഉള്ള ഒരു കളിസ്ഥലമെങ്കിലും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കായികമേഖലയിലെ പ്രമുഖര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ആശയങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തിരുവനന്തപുരം വാന്റോസ് ജംഗ്ഷനില്‍ നിര്‍മിക്കുന്ന കായിക ഭവന്റെ ശിലാസ്ഥാപനകര്‍മവും മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു.
സെക്രട്ടറി എ. ഷാജഹാന്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കായികരംഗത്തെ പ്രമുഖരായ ഐ.എം. വിജയന്‍, ഷൈനി വില്‍സന്‍, എസ്. ഗോപിനാഥ്, മയൂഖ ജോണി, മേഴ്‌സിക്കുട്ടന്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, ജോബി, ഡോ: ജി. കിഷോര്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *