കോവിഡ്: ഒരു വര്‍ഷം കൊണ്ട് കനിവ് 108 ആംബുലന്‍സ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകള്‍

Keralam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ രണ്ട് ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി 108 ആംബുലന്‍സ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിന്യസിച്ചത് മുതല്‍ ആരംഭിച്ച കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിലവില്‍ 295 ആംബുലന്‍സുകള്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ജീവനക്കാരാണ് നിലവില്‍ കനിവ് 108 ആംബുലന്‍സുകളുടെ ഭാഗമായി കോവിഡ് മുന്‍നിര പോരാളികളായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിന്ന് സി.എഫ്.എല്‍.ടി.സികളിലേക്കും, സി.എഫ്.എല്‍.ടി.സികളില്‍ നിന്ന് ആശുപത്രികളിലേക്കും, കോവിഡ് പരിശോധനകള്‍ക്കും മറ്റുമാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം മറ്റുസംസ്ഥാനങ്ങളിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
പാലക്കാട് ജില്ലയിലാണ് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കനിവ് 108 ആംബുലന്‍സുകള്‍ ഏറ്റവും അധികം ട്രിപ്പുകള്‍ നടത്തിയത്. 28,845 ട്രിപ്പുകളാണ് പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കനിവ് 108 ആംബുലന്‍സുകള്‍ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. 5,305 ട്രിപ്പുകളാണ് ഇടുക്കിയില്‍ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സുകള്‍ ഓടിയത്.
തിരുവനന്തപുരം 19,664 , കൊല്ലം 11,398 , പത്തനംതിട്ട 6,965, ആലപ്പുഴ 6,486 , കോട്ടയം 15,477, എറണാകുളം 11,381, തൃശൂര്‍ 18,665, മലപ്പുറം 23,679 , കോഴിക്കോട് 17,022, വയനാട് 6,661, കണ്ണൂര്‍ 17,720, കാസര്‍ഗോഡ് 10,938 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കോവിഡ് ബാധിതരായ രണ്ടു യുവതികളുടെ പ്രസവങ്ങള്‍ ഈ കാലയളവില്‍ കനിവ് 108 ആംബുലന്‍സിനുള്ളില്‍ നടന്നു. മികച്ച സേവനം നടത്തിയ കനിവ് 108 ആംബുലന്‍സിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *